ലോക്ക്ഡൗണ്‍ കാലയളവിൽ നാട്ടിലെത്താന്‍ കാല്‍നട യാത്ര; മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
14 September 2020

കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആ സമയം ഏകദേശം നൂറുകണക്കിക് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണപ്പെട്ടത് എന്നാണ് മാധ്യമങ്ങളില്‍ വന്നിരുന്നത്. ഇതില്‍ പലരും നാട്ടിലെത്താന്‍ കാല്‍നടയായി യാത്ര തിരിക്കുകയും വഴിയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചുവീഴുകയുമായിരുന്നു.

രണ്ട് ഘട്ടമായുള്ള 68 ദിവസത്തെ ലോക്ക്ഡൗണ്‍ കാലയളവില്‍ ഇത്തരത്തില്‍ എത്ര തൊഴിലാളികള്‍ മരിച്ചുവെന്ന കണക്ക് ലഭ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇന്ന് തുടങ്ങിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് തങ്ങള്‍ക്ക് ഇതിന്റെ കണക്കുകള്‍ ലഭ്യമല്ല എന്ന വിവരം അറിയിച്ചത്.

അതേസമയം മരണപ്പെട്ട തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, മരണപ്പെട്ടവരുടെ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ നഷ്ടപരിഹാരത്തിന്റെ പ്രശ്‌നം തന്നെ ഉണ്ടാകുന്നില്ലെന്നും തൊഴില്‍ മന്ത്രാലയം മറുപടി നല്‍കി.കേന്ദ്രത്തില്‍ തൊഴില്‍ മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വറാണ് സഭയില്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്.

ആകസ്മികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെക്കുറിച്ചും സഭയില്‍ ചോദ്യമുയരുകയുണ്ടായി.