സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; അമേരിക്കയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

single-img
14 September 2020

പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി അമേരിക്കയില്‍ മുങ്ങി മരിച്ചു. ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സ്വദേശിയായ പോളവരപു കമല(27)യാണ്
ദാരുണമായി മരിച്ചത്. ഇവർ അറ്റലാന്റയിലുള്ള തങ്ങളുടെ ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം.

തിരികെ വരുമ്പോൾ ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്പില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അപകടത്തില്‍പ്പെട്ട പ്രതിശ്രുത വരനെ രക്ഷപ്പെടുത്തി.

വീഴ്ചയിൽ മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് സിപിആര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള പോളവരപു കമല എഞ്ചിനീയറിങ് പഠനത്തിന് ശേഷം സോഫ്‌റ്റ്‍‍വെയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് അമേരിക്കയിലെത്തിയത്. അവിടെ എത്തിയശേഷം ജോലിയും ഉന്നത പഠനവും തുടരുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു അപകടമുണ്ടായത്.