കോവിഡ് പിടികൂടി, ആഹാരവും മരുന്നുമില്ലാതെ മാവോയിസ്റ്റുകൾ `കഷ്ടപ്പാടിൽ´
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ കോവിഡ് മഹാമാരി പിടികൂടിയതായി റിപ്പോർട്ടുകൾ. കോവിഡിനെത്തുടർന്നുള്ള സാമൂഹ്യസാഹചര്യങ്ങൾ വലിയ കഷ്ടപ്പാടാണ് മാവോയിസ്റ്റുകൾക്ക് സമ്മാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിതരണശൃംഖല തകർന്നതോടെ ഭക്ഷണത്തിനും മരുന്നിനും കടുത്തക്ഷാമമാണ് മാവോയിസ്റ്റുകൾക്ക് അനുഭവപ്പെടുന്നത്.
കഴിഞ്ഞമാസം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലുണ്ടായ വൻ ആൾനാശവും സംഘടനയെ കനത്ത പ്രതിസന്ധിയിലാക്കിയെന്നാണ് റിപ്പോർട്ടുകൾ. മാവോയിസ്റ്റുകളിൽനിന്നു കണ്ടെത്തിയ രേഖകളിൽത്തന്നെയാണ് ഇക്കാര്യങ്ങൾ പറയുന്നത്.
അതേസമയം ഈ അവസരം മുതലെടുക്കാനുള്ള ഒരുക്ക്തിലാണ് സുരക്ഷാ സേന. അവസരം പരമാവധി മുതലെടുത്ത് നക്സൽബാധിതമമേഖലയായ ബസ്തറിൽ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണു സുരക്ഷാസേനയെന്ന് ബസ്തർ ഐജി സുന്ദർരാജ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ 23 നക്സലുകൾക്കാണു ജീവഹാനി നേരിട്ടത്. 17 സുരക്ഷാസേനാംഗങ്ങളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്നു കണ്ടെത്തിയ പ്രചാരണസാമഗ്രികളിലാണു സംഘടന നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിവരമുള്ളത്.