കളഞ്ഞുകിട്ടിയ 10 ലക്ഷം രൂപയും 40 ലക്ഷത്തിൻ്റെ സ്വർണ്ണാഭരണവും തിരിച്ചൽപ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് യുഎഇ പൊലീസ്

single-img
13 September 2020

ഇന്ത്യക്കാരന് യുഎഇ പൊലീസിന്റെ ആദരം. കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ചതിനാണ് ദുബായില്‍ താമസിക്കുന്ന റിതേഷ് ജെയിംസ് ഗുപ്തയെ യുഎഇ പൊലീസ് ആദരിച്ചത്. പത്ത് ലക്ഷത്തിലധികം രൂപയും 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും അടങ്ങിയ ബാഗാണ് റിതേഷ്  പൊലിസിനെ ഏല്‍പിച്ച്. 

പണമായി 14,000 അമേരിക്കന്‍ ഡോളർ അതായത് 10,28,671രൂപയും 54,452 അമേരിക്കന്‍ ഡോളര്‍ അതായത് 40,00,942 രൂപ മൂല്യമുള്ള സ്വര്‍ണവുമാണ് ബാഗിലുണ്ടായിരുന്നത്. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ റിതേഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രശംസാപത്രം നല്‍കിയതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

സമൂഹവും പോലീസും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് റിതേഷിന് പ്രശംസാപത്രം സമ്മാനിച്ച ശേഷം അല്‍ ഖുസൈസ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ള സാലിം അല്‍ അദിദി വ്യക്തമാക്കി. 

അതേസമയം ബാഗിന്റെ ഉടമയെ കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. അഭിമാനവും സന്തോഷവും തോന്നിയ സന്ദര്‍ഭമാണ് ഉണ്ടായതെന്ന് റിതേഷ് യുഎഇ പൊലീസിൻ്റെ ആദരവിനെ സംബന്ധിച്ചു വ്യക്തമാക്കി.