ചൈനയുടെ പുതിയ സാറ്റലൈറ്റ് ലോഞ്ചറിന്റെ വിക്ഷേപണം പരാജയം

single-img
13 September 2020

ചൈന നടത്തിയ പുതിയ സാറ്റലൈറ്റ് ലോഞ്ചര്‍ വിക്ഷേപണം പരാജയപ്പെട്ടു. അത്യാധുനീക ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റായ ജിലിന്‍-1 ഗൊഫെന്‍ ഒടുസിയുടെ ആദ്യ വിക്ഷേപണമാണ് പരാജയപ്പെട്ടതെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ജിയുഖുവാന്‍ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.02നാണ് റോക്കറ്റ് കാരിയറായ കുവായ്ഷു-1എയില്‍ സാറ്റലൈറ്റ് വിക്ഷേപിച്ചത്.

എന്നാല്‍ അസ്വാഭാവികമായ പ്രവര്‍ത്തനമാണ് തങ്ങളുടെ ഈ വിക്ഷേപണം പരാജയപ്പെടാന്‍ കാരണമെന്നും ഇതിനുള്ള വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനായി പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്നും ജിയുഖുവാന്‍ വിക്ഷേപണ കേന്ദ്രം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഈ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടതോടെ ഈ വര്‍ഷം മാത്രം ചൈന നടത്തിയ 26 വിക്ഷേപണങ്ങളില്‍ നാലാമത്തെ ദൗത്യമാണ് പരാജയപ്പെടുന്നതെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റ് മാസം 24നാണ് ചൈന സാറ്റലൈറ്റ് ദൗത്യവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനത്തില്‍ ജിലിന്‍-1 ഗൊഫെന്‍-02 സീരിസില്‍ മൂന്ന് സാറ്റലൈറ്റുകളാണ് അന്ന് ആദ്യമായി അവതരിപ്പിച്ചത്.

പലപ്പോഴായി മൂന്ന് വ്യത്യസ്ത സമയങ്ങളിലായി ഇവ മൂന്നും വിക്ഷേപിക്കുമെന്നായിരുന്നു ചങ് ഗൗങ് സാറ്റലൈറ്റ് ടെക്‌നോളജി കമ്പനി നേരത്തെ അറിയിച്ചിരുന്നത്. വരുന്ന സെപ്റ്റംബര്‍ 17നും 22നുമാണ് മറ്റ് രണ്ട് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കേണ്ടിയിരുന്നത്. പക്ഷെ ഇപ്പോള്‍ ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ മറ്റ് രണ്ട് വിക്ഷേപണങ്ങളും നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.