കോവിഡ് മഹാമാരി എന്ന് അവസാനിക്കും?: ഉത്തരവുമായി അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആന്തണി ഫൗസി

single-img
13 September 2020

ലോകത്തെ പ്രതിസന്ധിയിലാക്കി മുന്നേറുന്ന കൊവിഡ് മഹാമാരി എത്രകാലം കാണും? ഉത്തരവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ പകർച്ചവ്യാധി വിദഗ്ധൻ ആന്തണി ഫൗസി. 2021 അവസാനം വരെ കോവിഡ് വെെറസ് ബാധ നിലനിൽക്കുമെന്ന മുന്നറിയിപ്പുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. 

 കൊവിഡ് വ്യാപനത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ വിലയിരുത്തലുകളോട് പ്രതികരിക്കവെയാണ് ഫൗസിയുടെ മുന്നറിയിപ്പ്.കണക്കുകൾ അസ്വസ്ഥമാക്കുകയാണെന്നും ഫൗസി എം‌എസ്‌എൻ‌ബി‌സിയോട് വ്യക്തമാക്കി. ‘കൊവിഡിന് മുമ്പുള്ള സാധാരണ നിലയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ, അത് 2021 ൽ ആകും, ഒരുപക്ഷേ 2021 അവസാനത്തോടെ യായിരിക്കും അത് ലോകത്തു നിന്നും ഇല്ലാതാകുന്നത്’- ഫൗസി പറഞ്ഞു.

അമേരിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കന്നത്. 6,676,601 കൊവിഡ് കേസുകളും 198,128 മരണങ്ങളുമാണ് ഇവിടെ സ്ഥിരീകരിച്ചരിക്കുന്നത്. 3,950,354 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 2,528,119 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും വോൾഡോമീറ്ററിലെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ ചികിത്സയിലുള്ളവരിൽ 14,366 നില ഗുരതരമാണ്.

കോവിഡ് മഹാമാരിയ്ക്ക് എതിരെ പ്രമേയവുമായി യുഎൻ ജനറൽ അസംബ്ലി രംഗത്തെത്തി. തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കൊവിഡ് മഹാമാരിയെന്നാണ് യുഎൻ കോവിഡ് വൈറസ് വ്യാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇതെന്നാണ് യുഎൻ പ്രമേയത്തിലൂടെ വ്യക്തമാക്കുന്നത്. 

ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 28,000,000 പിന്നിട്ടതോടെയാണ് യുഎൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കോവിഡ് ബാധ മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 916,000 പിന്നീട്ടിരിക്കുകയാണ്. 7,000,000 സജീവകേസുകളാണ് ലോകമെമ്പാടും നലവിലുള്ളതെന്നാണ് ആഗോള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.