കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍; ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ പ്രതിഷേധം യുപിയിലേക്കും പടരുന്നു

single-img
12 September 2020

രാജ്യമാകെയുള്ള കര്‍ഷകരെ പെരുവഴിയാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓഡിനന്‍സുകള്‍ക്കെതിരെ ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ഉത്തര്‍പ്രദേശിലേക്കും പടരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകരും തങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓഡിനന്‍സിനെതിരെ തെരുവുകളില്‍ അണിനിരക്കുമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ പാതയില്‍ അണിനിരന്നാണ് ഹരിയാനയിലെ കര്‍ഷകര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്‌. കര്‍ഷകരില്‍ നിന്നും വാങ്ങുന്ന ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതും, ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഓഡിനന്‍സ് എന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

കേന്ദ്രം കൊണ്ടുവന്ന എസന്‍ഷ്യല്‍ കമോഡിറ്റീസ്(അമന്‍ഡ്‌മെന്റ്) ഓഡിനന്‍സ്, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് അന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്യുറന്‍സ് ആന്‍ഡ് ഫാം സെര്‍വീസ് ഓഡിനന്‍സ്, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ഓഡിനന്‍സ് എന്നിവയ്‌ക്കെതിരെയാണ് ഇപ്പോള്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നത്. വരുന്ന സെപ്തംബര്‍ പതിനാലിന് പാര്‍ലമെന്റ് ചേരാനിരിക്കെയാണ് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കി എത്തിയിട്ടുള്ളത്.

കേന്ദ്രം നടത്തുന്ന നീക്കം പൂര്‍ണമായും കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതാണെന്ന് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി ആരോപിക്കുകയുണ്ടായി. രാജ്യമാകെ പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരോടും വരുന്ന പതിനാലിന് പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ പ്രതിഷേധത്തില്‍ അണിനിരക്കാന്‍ എഐകെഎസ്സിസി ആവശ്യപ്പെട്ടു.