സന്ദർശകവിസ കഴിഞ്ഞവർക്ക് യുഎഇ വിടാനുള്ള സമയം ഇന്ന് അവസാനിക്കും

single-img
11 September 2020

യുഎഇയിൽ സന്ദർശകവിസ കഴിഞ്ഞവർക്ക് പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള സമയപരിധി ഇന്ന് തീരും.
മാർച്ച് ഒന്നിനു ശേഷം സന്ദർശക, ടൂറിസ്റ്റ് വിസാ കാലാവധി തീർന്നവർക്കാണ് പിഴ കൂടാതെ യുഎഇ വിടാനുള്ള സമയം പരിധി ഇന്ന് (വെള്ളിയാഴ്ച) അവസാനിക്കുന്നത്. ടൂറിസ്റ്റ് വിസാ കാലാവധി തീർന്നവർ പുതിയ വിസയിലേക്ക് മാറുകയോ അല്ലെങ്കിൽ പെട്ടെന്ന് രാജ്യം വിടുകയോ വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സമയപരിധി പലതവണ സർക്കാർ നീട്ടി നൽകിയിരുന്നു. വിസാ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 11 മുതൽ ഒരു മാസംകൂടി നീട്ടി നൽകിയ കാലാവധിയാണ് ഇപ്പോൾ അവസാനിക്കുന്നത്. അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിർഹം വീതം പിഴ നൽകേണ്ടി വരും. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റേതാണ് ഉത്തരവ്.

യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പിന് തുല്യമായ ആനുകൂല്യം ഒട്ടേറെ പേരാണ് പ്രയോജനപ്പെടുത്തുന്നത്. മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർ നവംബർ 17-ന് മുൻപ് രാജ്യം വിട്ടാൽ മതിയാകും.