തദ്ദേശ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കാനാകില്ല; ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി

single-img
11 September 2020

പ്രത്യേക സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് അല്പം നീട്ടിവെക്കാനും കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും സർവകക്ഷി യോഗത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കോവിഡിന്റെ സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവയ്ക്കാം. എന്നാല്‍ അനന്തമായി നീളാതെ വേഗം നടത്താനും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് അഭ്യര്‍ഥിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ കാലാവധി 2021 മേയിൽ അവസാനിക്കുന്നതിനാൽ പൊതുതിരഞ്ഞെടുപ്പ് ഏപ്രില്‍ മാസം നടക്കാനുള്ള സാധ്യതയാണുള്ളത്. 2021 മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരാം. അപ്പോൾ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ പകുതിയോടെ നടന്നാല്‍ മൂന്നു മാസം മാത്രമേ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് പ്രവര്‍ത്തിക്കാനാകൂവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

മൂന്നു മാസത്തേക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാ അംഗത്തിനു കാര്യമായ ഒരു പ്രവര്‍ത്തനവും കാഴ്ചവയ്ക്കാന്‍ സമയമുണ്ടാകില്ല. കുട്ടനാട് മണ്ഡലത്തില്‍ ഒഴിവുണ്ടായി ആറു മാസം കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനമാകെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കേവലം മൂന്നുമാസം മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിയമസഭാംഗത്തെ തിരഞ്ഞെടുക്കാന്‍ ഈ പ്രത്യേക ഘട്ടത്തില്‍ തിരഞ്ഞെടുപ്പിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണോ എന്ന വിഷയമാണു സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചയ്ക്കു വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.