ട്വൻ്റി20 മോഡൽ തിരുവനന്തപുരത്തും; കിഴക്കമ്പലത്ത് കിറ്റക്സ് എങ്കിൽ തിരുവനന്തപുരത്ത് അദാനി

single-img
9 September 2020

കിഴക്കമ്പലത്ത് ഭരണം നടരത്തുന്ന ട്വൻ്റി20 മോഡൽ കൂട്ടായ്മ തിരുവനന്തപുരത്തും രൂപം കൊള്ളുന്നു. വിമാനത്താവളം അദാനിക്ക് നൽകാനുള്ള തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തലസ്ഥാനത്ത് ജനകീയ കൂട്ടായ്‌മ രൂപംകൊള്ളുന്നത്. റസിഡൻസ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാറ്റ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ്, ടെക്നോപാർക്കിലെ ഐ.ടി കമ്പനികളുടെ സംഘടനയായ ജി ടെക്, ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ, പ്രൊഫഷണലുകളായ യുവാക്കൾ തുടങ്ങിയവരാണ് ജനകീയ കൂട്ടായ്‌മയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 

 ജനകീയ കൂട്ടായ്‌മയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഒക്‌ടോബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിമാനത്താവളവുമായി ബന്ധപ്പെട്ട് ശക്തമായ പ്രചാരണം നടത്താനാണ് കൂട്ടായ്‌മയുടെ തീരുമാനം. 

കിഴക്കമ്പലം ട്വന്റി ട്വന്റി മാതൃകയിൽ മൂന്നുമുന്നണികൾക്കും എതിരെ മത്സരിക്കാനുള്ള ആലോചനകളും കൂട്ടായ്മയുടെ ഭാഗമായി നടക്കുന്നുണ്ട്. വികസനത്തിന് എതിരു നിൽക്കുന്നവരെ തോൽപ്പിക്കുമെന്നും വേണ്ടിവന്നാൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്നുമാണ് കൂട്ടായ്മ മുന്നറിയിപ്പു നൽകുന്നത്. പുതിയ കൂട്ടായ്മ തിരുവനന്തപുരത്ത് രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  കൂട്ടായ്‌മയിൽ അംഗമായവർ പറയുന്നു. 

ഈ കൂട്ടായ്മയിൽ കൂടുതലുള്ളത് ചെറുപ്പക്കാരാണ്. അവരാണ്  കൂട്ടായ്‌മയുടെ ജീവൻ. ഇത്തവണ തിരുവനന്തപുരം കോർപറേഷനിൽ യുവാക്കളുടെ വോട്ട് നിർണായകമാകുമെന്നും ഈ കൂട്ടാ്മയിൽ അംഗമായ വിജയരാഘവൻ വ്യക്തമാക്കിയതായി കേരള കൗമുദി റിപ്പോർട്ടു ചെയ്യുന്നു. 

വികസനം തടസ്സപ്പെടുത്തുന്നത് രാഷ്ട്രീയ പാർട്ടികളാണെന്ന ചിന്തയുള്ളവരാണ് കൂട്ടായ്മയിൽ കൂടുതലുള്ളത്. ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾക്ക് എതിരല്ലെന്ന് പറയുമ്പോൾ പോലും രാഷ്ട്രീയനിലപാട് എടുക്കാതെ കാര്യം നേടാനാവില്ലെന്ന ചിന്തയാണ് ഇത്തരമൊരു കൂട്ടാ്മയിലേക്കു ജനങ്ങളെ നയിക്കുന്നതെന്നും അംഗങ്ങൾ വ്യക്തമാക്കുന്നു. 

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ തലസ്ഥാന നഗരത്തോട് പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയ പാർട്ടികൾ അതിനെ തുരങ്കം വയ്‌ക്കുന്നുവെന്നാണ് കൂട്ടായ്‌മയിലുള്ളവർ ആരോപിക്കുന്നത്. നഗരവാസികൾക്കിടയിൽ സ്വാധീനമുള്ള നിരവധി സംഘടനകൾ ഈ കൂട്ടായ്മയുടെ ഭാഗമാണെന്നും ഇനിയും സംഘടനകൾ കൂട്ടായ്മയിൽ അംഗമാകുമെന്നും ഭാരവാഹികൾ വെളിപ്പെടുത്തുന്നു.