ഖേദ പ്രകടനത്തിന് തയ്യാറല്ല; ഉദ്ദേശിച്ചത് സ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുള്ള പീഡനവും പാടില്ലെന്ന്; രമേശ്‌ ചെന്നിത്തല

single-img
8 September 2020

കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിശദീകരണവുമായി എത്തി. താന്‍ ഉദ്ദേശിച്ചത് സ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുള്ള പീഡനവും പാടില്ലെന്നായിരുന്നു എന്നും എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ തന്റെ പ്രതികരണത്തിലെ ഒരു പ്രത്യേക ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇതുപോലെ ചില സൈബര്‍ ഗുണ്ടകള്‍ പത്രസമ്മേളനങ്ങളില്‍ പറയുന്ന വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. ഇപ്പോള്‍ ഉണ്ടായതും അതിന്റെ ഭാഗം മാത്രമാണ്. ഒരിക്കലും സ്ത്രീപീഡനത്തെ അനുകൂലിക്കുന്ന ഒരു പരാമര്‍ശമല്ല നടത്തിയത്’.- ചെന്നിത്തല പറഞ്ഞു.

അതേസമയം ചെന്നിത്തലയുടെ ഭാഗത്ത് നിന്നും വന്ന വിവാദ പരമാര്‍ശത്തില്‍ ചെന്നിത്തല മാപ്പു പറയണമെന്ന് ആവശ്യം ശക്തമാകുകയാണ്. എന്നാല്‍ ഖേദ പ്രകടനത്തിന് താന്‍ തയ്യാറല്ല എന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കവേ ‘അതെന്താ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ’ എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. ഇത് വിവാദമാകുകയായിരുന്നു.