സർക്കാരിനെതിരെ അട്ടിമറി ശ്രമം; മുല്ലപ്പള്ളിക്കെതിരെ പോലീസിൽ പരാതി

single-img
8 September 2020

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന സർക്കാരിനെതിരെ അട്ടിമറി ശ്രമവും ക്രിമിനൽ ഗുഢാലോചനയും നടത്തിയെന്ന് പരാതി. അഡ്വ. സുഭാഷ് എം തീക്കാടനാണ് ഇന്ന് മുല്ലപ്പള്ളിക്കെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിന്മേൽ പൊലീസ് നടപടി ആരംഭിച്ചിട്ടില്ല.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഓഫീസേഴ്സ് ആൻഡ് സർവീസ് ഓർഗനൈസേഷൻ സെല്ലിന്റെ ഒരു ഓൺലൈൻ യോഗം മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ച് കൂട്ടുകയും ആ യോഗത്തിൽ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് ആഭ്യന്തരവകുപ്പിൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ ഔദ്യോഗിക രേഖകളെല്ലാം ശേഖരിച്ചു നൽകാൻ ആവശ്യപെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.

കെപിസിസി പ്രസിഡന്റും യോഗത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർ അടക്കമുള്ള മറ്റുള്ളവരും ഗുരുതരമായ ക്രിമിനൽ ഗൂഢാലോചന നടത്തി വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപെട്ട സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും പരാതിയിൽ അഡ്വ. സുഭാഷ് എം തീക്കാടൻ ചൂണ്ടിക്കാട്ടി.

യോഗത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പുറമെ വൈസ് പ്രസിഡന്റ് ടി സിദിഖ് ,ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട് രവി എന്നിവരും പങ്കെടുത്തതായും പരാതിയിൽ പറയുന്നു.