‘ വാമനൻ ഒന്നാം നമ്പർ ചതിയനാണ് ‘; അഡ്വ.ഹരീഷ് വാസുദേവൻ ശ്രീദേവി
‘ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം’ എന്ന പരാമര്‍ശത്തിന്റെ പേരില്‍ അധ്യാപിക കൂടിയായ കന്യാസ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിച്ച സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സിസ്റ്ററെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പൊലീസുകാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ കെല്‍പ്പില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് സംഘികളേ ഏല്‍പിക്കുന്നതാണ് ഉചിതമെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. മഹാവിഷ്ണുവിന്റെ അവതാരമാണെങ്കിലും ദാനധർമ്മിഷ്ഠനായ മഹാബലിയോട് ഒന്നാംതരം ചതിയാണ് വാമനൻ കാണിച്ചതെന്ന് അഡ്വ.ഹരീഷ് വാസുദേവൻ ശ്രീദേവി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഇക്കഴിഞ്ഞ ഓണത്തിനോടനുബന്ധിച്ച് സി.റീത്താമ്മ വാട്‌സ്ആപ്പിലൂടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ചവിട്ടിതാഴ്ത്തപ്പെടുന്നവന്റെ ആഘോഷമാണ് ഓണം എന്നായിരുന്നു ഈ വീഡിയോ സന്ദേശത്തില്‍ പ്രധാനമായും പറഞ്ഞത്. ചതിയുടെയും വഞ്ചനയുടെയും വര്‍ഗീയതയുടെയും പാതാള ഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്മാര്‍ ചവിട്ടിതാഴ്ത്താന്‍ ശ്രമിച്ചാലും നമുക്ക് നന്മയുടെയും സമത്വത്തിന്റെയും ശാന്തിയുടെയും ലോകത്ത് തന്നെ തുടരാം എന്നും ഓണാശംസയില്‍ പറയുന്നുണ്ട്.
‘ഓണം ചവിട്ടേല്‍ക്കുന്നവൻ്റെ സുവിശേഷമാണ്. കൊടുത്തവനെ വാങ്ങുന്നവന്‍ ചവിട്ടുന്ന കഥയാണ്.’ – എന്നുതുടങ്ങുന്ന വീഡിയോയില്‍ ലോകചരിത്രത്തില്‍ ആരെങ്കിലും കൊടുത്തിട്ടോ അവര്‍ക്കെല്ലാം ചവിട്ടേറ്റിട്ടുണ്ടെന്നും മഹാബലിയെപ്പോലെ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ജീവിച്ചതെന്നും പറയുന്നു. ഇതിന് ഉദാഹരണമായി മഹാബലിയെപ്പോലെ ക്രിസ്തു, മഹാത്മ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, മാക്‌സ്മില്യന്‍ കോള്‍ബേ, മദര്‍ തെരേസ, ഇറോം ശര്‍മിള തുടങ്ങിയവരുടെ പേരുകളും സി.റീത്താമ്മ വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു.
ഈ സന്ദേശം വെളിയിൽ വന്നതോടെ സിസ്റ്റര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ഈ വീഡിയോ ഹിന്ദു ഐക്യവേദിയുടെ സാമൂഹ്യമാധ്യമ പേജുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ നടത്തിയ പ്രസംഗം എന്നാരോപിച്ച് ചങ്ങനാശ്ശേരി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി അഭിജിത്ത് വി.കെ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഹിന്ദുദൈവങ്ങളെ മനപ്പൂര്‍വ്വം അപമാനിച്ച പ്രധാനധ്യാപിക സി.റീത്താമ്മക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യമുന്നയിച്ചത്. സംഭവം പൊലീസ് സ്റ്റേഷനിലെത്തിയതോടെ പൊലീസ് റീത്താമ്മയെ വിളിപ്പിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ സി.റീത്താമ്മ മാപ്പെഴുതി നല്‍ക്കുകയായിരുന്നു.
മാപ്പെഴുതി കൊടുക്കാനും അതിനുശേഷം അത് വീഡിയോയില്‍ വായിക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അധ്യാപികയോട് ആവശ്യപ്പെട്ടപ്പോള്‍ അതിന് കൂട്ടുനില്‍ക്കുകയാണോ കേരള പൊലീസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്. ഈ സാഹചര്യത്തിലാണ് അഡ്വ.ഹരീഷ് വാസുദേവൻ ശ്രീദേവിയും കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ;
വാമനൻ ഒന്നാം നമ്പർ ചതിയനാണ്.
മഹാവിഷ്ണുവിന്റെ അവതാരമാണെങ്കിലും ദാനധർമ്മിഷ്ഠനായ മഹാബലിയോട് ഒന്നാംതരം ചതിയാണ് വാമനൻ കാണിച്ചത്. വേഷംമാറി വന്നു മൂന്നടി ദാനം ചോദിച്ചിട്ട് ചവുട്ടി താഴ്ത്തി. എന്നിട്ടതിനു ന്യായീകരണമായി ഓരോരോ കഥയുണ്ടാക്കുകയല്ലേ? മഹാബലിയെ ചതിച്ചാണ് വാമനൻ ഭൂമിയിൽ നിന്ന് പറഞ്ഞയച്ചത്. ചതിക്കുന്നവനെ ചതിയനെന്ന് വിളിച്ചാൽ എന്താണ് കുഴപ്പം?
സത്യം സത്യമായി അംഗീകരിക്കാൻ വിശ്വാസികൾക്ക് എന്താണ് മടി?
കൃഷ്ണഭക്തരായ ലക്ഷക്കണക്കിന് പേര് സ്നേഹപൂർവം കള്ളക്കണ്ണൻ എന്നാണ് കൃഷ്ണനെ വിളിക്കുന്നത്. അതിനർത്ഥം ഭക്തി ഇല്ലാതായെന്നു ആണോ? പന്നിയെ കറിവെച്ചു തിന്നുന്ന ഹിന്ദുക്കളെ ഇനി വരാഹ അവതാരത്തിന്റെ പേരും പറഞ്ഞു ഈ മൂരാച്ചി സ്വാമി ഹിന്ദുവിരുദ്ധർ ആക്കുമോ? മത്സ്യം തിന്നാൻ പാടില്ലെന്ന് തിട്ടൂരം ഇറക്കുമോ? പുരാണ വ്യാഖ്യാനത്തിന്റെ പേറ്റന്റ് എന്നു മുതലാണ് സംഘപരിവാറിനും കുഴലൂത്ത് സ്വാമിമാർക്കും പതിച്ചു കിട്ടിയത്??
സത്യം പറഞ്ഞാൽ ഏത് ഹിന്ദുവിന്റെ വികാരമാണ് വ്രണപ്പെടുന്നത് എന്നു ഒന്നു അറിയണമല്ലോ. അങ്ങനെ പൊട്ടിയൊലിക്കുന്ന വികാരങ്ങളൊക്കെ പൊട്ടിയൊലിക്കട്ടെ. ഞാനും ഹിന്ദുവാണ്. ഈശ്വരവിശ്വാസിയായ ഹിന്ദു. ഒരു കള്ളസ്വാമിയെയും ഹിന്ദുവിന്റെ വക്താവായി ഞാൻ അംഗീകരിച്ചിട്ടില്ല. സംഘപരിവാറിന് കുഴലൂതുന്ന, വർഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും BJP യുടെ സുരേന്ദ്രൻ ആയാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഹിന്ദുവിന്റെ പേരും പറഞ്ഞു അധികാരത്തിലേറി ഈ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തച്ചു തകർത്ത കേന്ദ്രസർക്കാറിനെതിരായ എല്ലാ മതക്കാരുടെയും രോഷം ചർച്ചായാവാതിരിക്കാൻ, ഓരോരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഇവർ. അത് മനുഷ്യർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
“ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം” എന്നു പറഞ്ഞ സിസ്റ്ററിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പോലീസുകാർക്ക് എതിരെ നടപടി എടുക്കാൻ കെൽപ്പില്ലെങ്കിൽ ആഭ്യന്തര വകുപ്പ് സംഘികളേ ഏല്പിക്കുന്നതാണ് ഉചിതം.