കൊല്ലത്ത് യുവതിയുടെ ആത്മഹത്യ; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവ് അറസ്റ്റില്‍

single-img
7 September 2020

കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ പൊലീസ് നടപടി. സംഭവത്തിൽ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം കൊട്ടുംപുറം പള്ളിക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന 24 കാരിയാണ് കഴിഞ്ഞ വ്യാഴാഴ്ച വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരുടെയും വിവാഹം നിശ്ചയിച്ച് വളയിടീൽ ചടങ്ങും നടത്തി. പലപ്രാവശ്യം യുവാവ് വീട്ടുകാരിൽനിന്ന് പണവും ബിസിനസ് ആവശ്യത്തിനായി സ്വർണവും കൈപ്പറ്റിയിരുന്നതായി യുവതിയുടെ രക്ഷിതാക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷം മറ്റൊരു വിവാഹ ബന്ധിത്തിലേക്ക് പോകാൻ ഹാരിസ് തയാറെടുക്കുന്നതോടെയാണ് ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീഴുന്നത്. തന്നെ സ്വീകരിക്കണമെന്ന് റംസി ആവശ്യപ്പെടുന്നതും, ഗർഭഛിദ്രം നടത്തിയതിനെ കുറിച്ചും ഫോൺ രേഖകളിൽ വ്യക്തമാണ്.

ലോക്ഡൗണും കോവിഡും കാരണം പറഞ്ഞ് യുവാവും വീട്ടുകാരും വിവാഹം നീട്ടിക്കൊണ്ടുപോയി. പിന്നീട് യുവാവ് വിവാഹത്തിൽനിന്ന് പിന്മാറുന്നതായി യുവതിയെ അറിയിക്കുകയായിരുന്നു. വിവാഹാഭ്യർഥനയുമായി യുവതി അവസാനമായി യുവാവിന്റെ പള്ളിമുക്കിലുള്ള വീട്ടിലെത്തിയെങ്കിലും യുവാവിന്റെ മാതാവും ബന്ധുക്കളും ചേർന്ന് പുറത്താക്കി.

മരിക്കുന്നതിന് തൊട്ടുമുൻപ് യുവതിയും യുവാവിന്റെ മാതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ സഹോദരിയുടെ കുഞ്ഞിനെ ഉറക്കുന്ന തൊട്ടിലിന്റെ കയറിൽ യുവതി തൂങ്ങിമരിച്ചതായി കണ്ടത്.

ബന്ധുക്കൾ യുവാവിനെതിരേയുള്ള വിവരങ്ങൾ പോലീസിന് കൈമാറിയെങ്കിലും നാലാംദിവസം മാത്രമാണ് പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിക്കാനും വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താനും തയ്യാറായതെന്ന് ആക്ഷേപമുണ്ട്. സാമൂഹികമാധ്യമങ്ങളിൽ യുവതിയുടെ മാതാപിതാക്കളുടെ വിലാപവും പരാതിയുമൊക്കെ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണവും നടപടികളും ആരംഭിച്ചത്.