കണ്ണൂരിൽ കൊല്ലപ്പെട്ടത് 78 സിപിഎമ്മുകാരും 36 കോൺഗ്രസുകാരുമെന്ന് കണ്ണൂർ കൊലപാതകങ്ങളെക്കുറിച്ച് പുസ്തകമെഴുതിയ മാധ്യമപ്രവർത്തകൻ

single-img
7 September 2020

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവകാശവാദം വാസ്തവവിരുദ്ധമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയനിരീക്ഷകനുമായ ഉല്ലേഖ് എൻ പി. 1972 മുതൽ 2017 തുടക്കം വരെയുള്ള കാലഘട്ടത്തിൽ കണ്ണൂരിൽ 78 സിപിഐ എം പ്രവർത്തകരും 68 ആർ എസ് എസ്/ബിജെപി പ്രവർത്തകരും 36 കോൺഗ്രസ്‌ പ്രവർത്തകരുമടക്കം 200 പേരാണ് കൊല്ലപ്പെട്ടതെന്ന് ഉല്ലേഖ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഗോൾ സ്കോർ പോലെ നോക്കേണ്ടതല്ല രാഷ്ട്രീയ കൊലപാതകങ്ങൾ. പക്ഷെ ശ്രീ ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. കൊലപാതകരാഷ്ട്രീയം പൂർണമായും ഒഴിവാക്കേണ്ടതാണ് എന്നതിൽ തർക്കമില്ല പക്ഷെ കണക്കിലെ കള്ളക്കളി പാടില്ല.

കണ്ണൂർ: 1972 മുതൽ 2017 തുടക്കം വരെയുള്ള കാലഘട്ടത്തിൽ കണ്ണൂരിൽ 200 പേർ കൊല്ലപ്പെട്ടു. അതിൽ 78 CPM, 68 RSS/BJP, 36 കോൺഗ്രസ്‌ പ്രവർത്തകർ കൊല്ലപ്പെട്ടു.

ഉല്ലേഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഓപ്പൺ മാഗസിനിൽ എക്സിക്യൂട്ടിവ് എഡിറ്ററായ ഉല്ലേഖ് കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തെക്കുറിച്ച് “Kannur: Inside India’s Bloodiest Revenge Politics” എന്ന പുസ്തകമെഴുതിയിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയിയെക്കുറിച്ച് എഴുതിയ അദ്ദേഹത്തിന്റെ “ദ അൺ ടോൾഡ് വാജ്പേയി ” എന്ന പുസ്തകം നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

ഗോൾ സ്കോർ പോലെ നോക്കേണ്ടതല്ല രാഷ്ട്രീയ കൊലപാതകങ്ങൾ. പക്ഷെ ശ്രീ ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്….

Posted by Ullekh NP on Monday, September 7, 2020

മൊത്തം കേരളത്തിലെ കണക്കു നോക്കിയാലും കൊല്ലപ്പെട്ടതിൽ കൂടുതൽ ആളുകൾ സിപി എം പ്രവർത്തകരാണെന്ന് അദ്ദേഹം പറയുന്നു.

“1970 മുതൽ 2017 ജനുവരി വരെ കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ 527 CPM പ്രവർത്തകർ കൊല്ലപ്പെട്ടു. ബാക്കിയെല്ലാ പാർട്ടികളിൽ നിന്നും 442 പേരാണ് ഈ പീരിയഡിൽ കൊല്ലപ്പെട്ടത്. ഈ 442 നകത്തു 185 RSS/BJP/ABVP പ്രവർത്തകരാണ് ഉള്ളത് (source: Kerala Police, Home ministry, RTI മറുപടികൾ)”

ഉല്ലേഖ് പറയുന്നു.

കണ്ണൂരിൽ ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ തെളിയിക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവകാശപ്പെട്ടിരുന്നു. വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച (No.G4-56710/2019/C 22.9.2019) കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. 125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ 7. എന്നാല്‍ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതിയെന്നും ഉമ്മൻ ചാണ്ടി അവകാ‍ാപെട്ടു. ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ്- 53 പേര്‍. സിപിഎം- 46, കോണ്‍ഗ്രസ്- 19, മറ്റു പാര്‍ട്ടികള്‍ – 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വെന്നും അദ്ദേഹം പറഞ്ഞിരുന്നു.