ജടായുപാറ ടൂറിസം പദ്ധതി: രാജീവ് അഞ്ചൽ 16 കോടിയോളം തിരിമറി നടത്തിയതായി ആരോപണം; മുഖ്യമന്ത്രിക്ക് പരാതിയുമായി നിക്ഷേപകർ

single-img
7 September 2020

കൊല്ലത്തെ ജടായുപാറ ടൂറിസം പദ്ധതിയിൽ സംവിധായകൻ രാജീവ് അഞ്ചൽ സാമ്പത്തിക ക്രമക്കേട് നടത്തി എന്നാരോപിച്ച് നിക്ഷേപകർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മുഖ്യമന്ത്രിയ്ക്ക് പുറമെ ടൂറിസം മന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്. പ്രശ്‌നത്തിൽ മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. പരാതിയുടെ കോപ്പി ഇവാർത്തയ്ക്ക് ലഭിച്ചു.

ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിലെ പ്രവാസി നിക്ഷേപകരാണ് രാജീവ് അഞ്ചൽ സാമ്പത്തിക ക്രമക്കേട് നടത്തി എന്നാരോപിച്ച് മന്ത്രിമാർക്ക് പരാതി നൽകിയത്. സംസ്ഥാന ടൂറിസം മേഖലക്ക് കേരള സർക്കാർ ബിഒടി വ്യവസ്ഥയിൽ അനുവദിച്ച ആദ്യ പദ്ധതിയാണ് ജടായു പാറയിലേത്. രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബിൽഡേഴ്സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (ജിബിപിഎൽ) എന്ന കമ്പനിക്ക് 30 വർഷത്തേക്ക് വാടക കരാറിലാണ് പദ്ധതി നൽകിയത്. ജടായുപാറ ടൂറിസം പദ്ധതി സർക്കാരുമായി ചേർന്ന് പൂർത്തിയാക്കാനും നടത്തിപ്പിനുമായി രാജീവ് അഞ്ചലുമായി കരാറിൽ ഏർപ്പെട്ടത് ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (ജെടിപിഎൽ) എന്ന കമ്പനിയായിരുന്നു. എന്നാൽ ഈ കരാർ രാജീവ് അഞ്ചൽ റദ്ദാക്കി. കഴിഞ്ഞ മാർച്ച് 12 നായിരുന്നു അത്.

130 ഓളം വരുന്ന പ്രവാസി നിക്ഷേപകരാണ് ജെടിപിഎൽ കമ്പനിയിൽ പണം മുടക്കിയത്. എന്നാൽ പദ്ധതി പൂർത്തിയാക്കിയപ്പോൾ രാജീവ് അഞ്ചൽ തങ്ങളെ പുറത്താക്കി പദ്ധതി പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. കൂടാതെ രാജീവ് അഞ്ചലും കുടുംബവും നടത്തിയ സാമ്പത്തിക തിരിമറികൾ ജെടിപിഎൽ കണ്ടെത്തിയതിനാലാണ് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത് എന്ന് ഇവർ ആരോപിക്കുന്നു.

ജടായുപാറ ടൂറിസം പദ്ധതിയുടെ ശിൽപ്പികൂടിയായ രാജീവ് അഞ്ചലിന്റെയും കുടുംബത്തിന്റെയും പേരിലുളള ആറ് കമ്പനികൾക്ക് എതിരെയായിരുന്നു ഇവരുടെ ആരോപണം. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ ഇത് സംബന്ധിച്ച് നിക്ഷേപകർ കേസും നൽകി.

കേസിൽ വാദം കേട്ട കോടതി ഓഗസ്റ് 20ന് ജടായുപാറ ടൂറിസം പദ്ധതിയിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഓഹരി നിക്ഷേപങ്ങളായി പണം സ്വീകരിക്കാനോ, ഓഹരി കൈമാറ്റങ്ങൾ നടത്തുവാനോ, പുതിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുവാനോ പാടില്ലെന്ന് ഉത്തരവിട്ടു. അശോക് കുമാർ ബോറയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. ഈ മാസം അവസാനമാണ് കോടതിയുടെ അടുത്ത സിറ്റിങ്‌.

ഏഴു കോടി മുതൽമുടക്ക് മാത്രം മതിയാകുമെന്ന് പറഞ്ഞു തുടങ്ങിയ പദ്ധതിക്ക് ഇപ്പോൾ 40 കോടിയോളം രൂപ തങ്ങളുടെ കമ്പനിയായ ജെടിപിഎൽ മുടക്കി കഴിഞ്ഞുവെന്ന് നിക്ഷേപകർ പറയുന്നു. ഇതിൽ പതിനഞ്ചര കോടി രൂപയുടെ ആസ്തി മൂല്യം രാജീവ് തിരിമറി നടത്തിയിട്ടുണ്ടെന്നും ഉടൻ അത് തിരികെ ലഭിക്കണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.