ബംഗളൂരുവിൽ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു: വീണ്ടും പ്രതിസന്ധി

single-img
7 September 2020

കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിൽ ആരോഗ്യ രംഗം. ബെംഗളൂരു നഗരത്തിലാണ് സംഭവം. ഇതാദ്യമായാണ് രോഗം ഭേദമായ ഒരാൾക്ക് വീണ്ടും പോസിറ്റീവ് ആകുന്നത്. ജൂലൈയിലാണ് 27 വയസ്സുള്ള യുവതി രോഗം ഭേദമായി ആശുപത്രി വിട്ടതെന്ന് ബെംഗളൂരുവിലെ ഫോർടിസ് ആശുപത്രി ഇറക്കിയ കുറിപ്പിൽ പറയുന്നു. ഇപ്പോൾ നടത്തിയ പരിശോധനയിൽ കൊറോണ വൈറസിനെതിരെ യുവതിയുടെ ശരീരത്തിൽ ആന്റിബോഡി വികസിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

‘ബെംഗളൂരുവിൽ ഇത് ആദ്യമായാണ് കോവിഡ് ഭേദമായ ആൾക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. സാധാരണ രോഗം ബാധിക്കുമ്പോൾ ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള കോശങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ടെന്നും ഫോർടിസ് ആശുപത്രി ഇൻഫെക്‌ഷ്യസ് ഡിസീസ് കൺസൽറ്റൻഡ് ഡോ. പ്രതിക് പാട്ടീൽ പറയുന്നു. 

എന്നാൽ ഈ രോഗിയിൽ ആന്റിബോഡി പരിശോധന നെഗറ്റീവ് ആയാണ് കാണപ്പെട്ടത്. അതിനർഥം ആദ്യ രോഗബാധയ്ക്കു ശേഷം കോവിഡ് പ്രതിരോധ കോശങ്ങൾ‌ വികസിച്ചില്ല എന്നാണ്. അല്ലെങ്കിൽ ആന്റിബോഡികൾ ഒരു മാസത്തിനുള്ളിൽ രോഗിയുടെ ശരീരത്തിൽ നിന്ന് അപ്രത്യക്ഷമായെന്നും അനുമാനിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 

ഗുരുതരമായ പ്രതിസന്ധിയാണ് ഈ സാഹചര്യം ഉയർത്തുന്നത്. രോഗം വന്ന എല്ലാവരിലും ആന്റിബോഡികൾ വികസിക്കില്ലെന്നാണ് വീണ്ടും രോഗം ബാധിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിക് പാട്ടീൽ പറഞ്ഞു. ഇനി അഥവാ വികസിച്ചാലും അധികനാൾ നീണ്ടുനിൽക്കില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം മുംബൈയിലും കോവിഡ് ഭേദമായ ഒരു ഡോക്ടർക്ക്  വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണവിധേയമാക്കുക എന്നത് ഏറെ പ്രയാസകരമാവുകയാണ്. ഏഷ്യയിൽ ഏറ്റവും മോശമായി രോഗം ബാധിച്ച രാജ്യമാണ് ഇന്ത്യ. പ്രതിദിന കേസുകൾ 90,000 എത്തിയ സാഹചര്യത്തിൽ ആകെ കേസുകൾ 41 ലക്ഷത്തിലെത്തിക്കഴിഞ്ഞ കാര്യവും ആരോഗ്യ പ്രവർത്തകർചൂണ്ടിക്കാണിക്കുന്നു.