ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിടും; ആരോഗ്യ മന്ത്രി

single-img
6 September 2020

പത്തനംതിട്ട ആറൻമുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.

അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളായ രോഗികളെ ഒറ്റക്ക് അയക്കാതിരിക്കാൻ നടപടിയെടുക്കും. ആംബുലൻസ് ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കുമെന്നും റിക്രൂട്ട്മെന്‍റ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് രോഗി പീഡനത്തിനിരയായ സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട എസ്പിയോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന വനിതാ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു.

കോവിഡ് ബാധിതയായ 19കാരിയെ ഞായറാഴ്ച പുലർച്ചെയോടെയാണ് ചികിൽസാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിച്ചത്. ആറന്മുളയിലാണ് സംഭവം. പ്രതിയായ ആംബുലൻസ്​ ഡ്രൈവറെ പൊലീസ്​ അറസ്​റ്റ് ചെയ്​തിട്ടുണ്ട്. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫലി(29)നെയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം ഇയാള്‍ സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ആറമ്മുളയിലെ ഒരു ഗ്രൗണ്ടിൽ വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായതെന്നും എസ്പി വിശദീകരിച്ചു. കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന നിര്‍ദ്ദേശം നിലനിൽക്കേയാണ് ആറമ്മുളയിൽ രാത്രി ആംബുലൻസ് ഡ്രൈവര്‍ തനിച്ച് രോഗിയുമായി സഞ്ചരിച്ചത്.