തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള ആറാട്ട് ഘോഷയാത്ര ഇത്തവണയില്ല

single-img
5 September 2020

തിരുവനന്തപുരത്തിൻ്റെ മാത്രം പ്രത്യേകതയായ ശ്രീപ‌ദ്‌മനാഭസ്വാമി ക്ഷേത്രം മുതൽ ശംഖുംമുഖത്തേക്ക് പതിവുള്ള ചരിത്ര പ്രസിദ്ധമായ ആറാട്ടുഘോഷയാത്ര ഇത്തവണയില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം ക്ഷേത്രത്തിന് മുന്നിലെ പദ്‌മതീർഥക്കുളത്തിൽ ചെറിയ തോതിൽ ആറാട്ട് നടത്താനുള്ള ഒരുക്കങ്ങൾ മാത്രമാകും ഉണ്ടാകുക. ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങൾ എന്നിവയും ചെറിയ തോതിൽ നടത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

പദ്മതീർത്ഥ കുളത്തിൽ ആറാട്ട് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ശ്രീവരാഹം ഉൾപ്പടെ നാലു ക്ഷേത്രങ്ങളിലെ കൂടിയാറാട്ടും ശംഖുംമുഖത്തു നിന്ന് മാറ്റി പദ്മതീർഥത്തിൽ നടത്തും. ആറാട്ടിന് തലേന്ന് നടക്കാറുള്ള പള്ളിവേട്ടയും വേട്ടക്കളത്തിലേക്കുള്ള എഴുന്നള്ളത്തും ഒഴിവാക്കി ക്ഷേത്രത്തിന് സമീപത്ത് നടത്താനാണ് നിശ്‌ചയിച്ചിരിക്കുന്നത്. 

ഒരു ആറാട്ട് ഘോഷയാത്ര കടന്നുപോകാനായി തിരുവനന്തപുരം വിമാനത്താവളം തുറന്നു കൊടുക്കുന്ന അപൂർവ്വത തിരുവനന്തപുരത്തു മാത്രമുള്ളതാണ്. ആറാട്ടിനു വേണ്ടി വിമാനങ്ങളുടെ സമയക്രമീകരണങ്ങളിൽ പോലും മാറ്റം അന്നേ ദിവസം മാറ്റങ്ങൾ വരുത്താറുണ്ടെന്നുള്ളതും പ്രസിദ്ധമാണ്. 

ഒക്‌ടോബറിൽ നടക്കുന്ന അൽപ്പശി ഉത്സവം രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് നീട്ടിവയ്‌ക്കാനാണ് തീരുമാനം.കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ഭക്തർക്ക് പ്രവേശനം തടഞ്ഞ പദ്മ‌നാഭസ്വാമി ക്ഷേത്രത്തിൽ ഒരാഴ്‌ച മുമ്പാണ് നിയന്ത്രണത്തോടെ പ്രവേശനം അനുവദിച്ച് തുടങ്ങിയത്.