തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഈ ചോദ്യമാകും പി ജെ ജോസഫിനെ വല്ലാതെ അലട്ടുക

single-img
4 September 2020

പി ജെ ജോസഫിന്റെ പാർട്ടി ഏതാണ് ? കേരളാ കോൺഗ്രസ്സ് (എം) എന്നായിരുന്നു അദ്ദേഹം മുൻപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും രണ്ടില ചിഹ്നവും ലഭിച്ചില്ല. മാത്രവുമല്ല, ജോസ് കെ മാണിയുടെ സ്വന്തം പാർട്ടിയാണ് കേരളാ കോൺഗ്രസ്സ് (എം) എന്ന് തീരുമാനവുമായി. അപ്പോൾ ചെയർമാൻ ആരായിരിക്കും എന്നതിലും ഇനി സംശയം ആർക്കും ഇല്ല- ജോസ് കെ മാണിയുടെ സ്വന്തം പാർട്ടിയുടെ ചെയർമാൻ, ജോസ് അല്ലാതെ പിന്നാര്?

യുഡിഎഫിൽ തിരികെ വരാനായി ജോസ് കെ മാണിയെ ഫോണിൽ വിളിച്ചോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി നൽകിയ മറുപടി ശ്രദ്ധിക്കുക: എല്ലാ കാലത്തും ഫോണിൽ ബന്ധപ്പെടാറുണ്ട് എന്നായിരുന്നു പ്രതികരണം. യുഡിഎഫുകാർ തന്നെ വകവയ്ക്കണമെങ്കിൽ ഇനി എന്ത് ചെയ്യണം എന്ന് ജോസെഫ് തല പുകഞ്ഞാലോചിക്കുമ്പോഴായിരുന്നു ചെറുതോണിയിൽ നിന്ന് ഒരു ഫോൺ കോൾ- ചെറുതോണിയിൽ ചില്ലറ കാർഷിക പ്രശ്നങ്ങളുണ്ട് എന്നാരോപിച്ച് നടത്തുന്ന സത്യാഗ്രഹ സമര നേതാക്കളായിരുന്നു വിളിച്ചത്. സത്യാഗ്രഹ സമരത്തിന്റെ പന്തലിലെ ബാനറുകളിൽ ‘എം’ എന്ന് പ്രിന്റ് ചെയ്തതിലെ ‘എം’ മറച്ചു വയ്ക്കണോ എന്നായിരുന്നു അവർക്കറിയേണ്ടത്.

‘മറച്ചു വയ്ക്കണ്ടാ’ എന്ന് പറയാൻ ജോസഫ് കേരളാ കോൺഗ്രസ്സ് (എം) ന്റെ ആരുമല്ലല്ലോ? പണ്ട് ഒരു വിമാന യാത്രയ്ക്കിടെ ഉണ്ടായ പോലൊരു കൈ വിറ ജോസഫിനുണ്ടായത്രേ..! കൂടാതെ ആ വിഷമം കണ്ടു സഹിക്കവയ്യാതെ, പി ജെ ജോസഫിന്റെ അനുയായികൾക്കും ബിപി കൂടി എന്നാണു എതിർപക്ഷം പരിഹസിക്കുന്നത്. ഏതായാലും ചെറുതോണി സത്യാഗ്രഹത്തിന്റെ ഒൻപതാം ദിവസം, സമരപ്പന്തലിലെ ബാനറുകളിൽ നിന്ന് ‘എം’ കാണാത്ത തരത്തിൽ തുണികൊണ്ടു മറച്ചു. ഇപ്പോൾ (എം) എന്നാൽ ജോസഫിന് നാണമാണ്. അത് കൊണ്ട് മറച്ചു പിടിക്കാതെ വയ്യ.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെ ടാനുള്ള നീക്കത്തിലാണ് ഇപ്പോൾ ജോസ് വിഭാഗം. യഥാർത്ഥ കേരളാ കോൺഗ്രസ്സ് തന്റേതാണെന്നു പറഞ്ഞു നടക്കുന്നുണ്ടെങ്കിലും കൂടെയുള്ളവർ പോലും ജോസഫിനെ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയോടെ കേരളാ കോൺഗ്രസ്സ് (എം) ആയി ഔദ്യോഗികമായി മാറിയ ജോസ് പക്ഷത്തെ തിരികെ കൊണ്ടുവരാനുള്ള യുഡിഫ്, എൽഡിഎഫ് നേതാക്കളുടെ നീക്കത്തിലും ജോസഫ് നിരാശനാണ്. നോ..നോ … ഇത് സമ്മതിക്കില്ല എന്നൊക്കെ പിച്ചും പേയും പറയുന്ന പോലെ പ്രസ്താവനകൾ അദ്ദേഹം നടത്തുന്നുണ്ട്. പക്ഷെ, ഏതു മുന്നണിക്ക് വേണം ഇനി ജോസഫിന്റെ സമ്മതം? തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഈ ചോദ്യമാണ് പി ജെ ജോസഫിനെ വല്ലാതെ അലട്ടുക.