കങ്കണയ്ക്ക് പാക് അധിനിവേശ കശ്മീരില്‍ പോകണമെങ്കില്‍ ചെലവ് ഞങ്ങള്‍ വഹിക്കാം: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

single-img
4 September 2020

മുംബൈ നഗരം പാക് അധിനിവേശ കാശ്മീര്‍ പോലെ ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. തലയ്ക്ക് സ്ഥിരത ഇല്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണ എന്നും സഞ്ജയ് പറഞ്ഞു. ‘സ്വയം തിന്നുന്ന പാത്രത്തില്‍ തന്നെ തുപ്പുന്ന സ്വഭാവമാണ് കങ്കണയ്ക്ക്. അവരൊരു മെന്റല്‍ കേസാണ്. അവരെ പിന്താങ്ങാന്‍ കുറച്ച് രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്ന ബലത്തിലാണ് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നത്’- സഞ്ജയ് പറയുന്നു.

കങ്കണയെ പാക് അധിനിവേശ കാശ്മീരിലേക്ക് വിടൂ…രണ്ട് ദിവസം അവര്‍ അവിടെ നില്‍ക്കട്ടെ. അതിനുള്ള സര്‍ക്കാര്‍ വഹിക്കണം. അങ്ങിനെ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് പറ്റില്ലെങ്കില്‍ ഞങ്ങള്‍ ആ ചെലവ് നോക്കാം. പാക് അധിനിവേശ കാശ്മീര്‍ നമ്മുടെ ഭാഗമാണെന്നല്ലേ സര്‍ക്കാരും പറയുന്നത്. അവര്‍ ഏത് ഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

പ്രധാനമന്ത്രി മോദി സാഹേബ് പാക് അധിനിവേശ കാശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്. കങ്കണ ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദികളുടെയോ, അതോ നമ്മുടെ സര്‍ക്കാരിന്റെയോ? ഇത് തിരിച്ചറിയാന്‍ പറ്റാത്തതാണ് അവരുടെ മാനസികാവസ്ഥ- സഞ്ജയ് പറഞ്ഞു.