പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് 3076 കോടി കൊടുത്തവരുടെ പേര് വിവരങ്ങളെവിടെ ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ചിദംബരം


കോവിഡ് പ്രതിരോധത്തിനായി തുടങ്ങിയ പിഎം-കെയര്‍ ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനുള്ളില്‍ 3,076 കോടി രൂപ എത്തിയെന്ന സര്‍ക്കാരിന്റെ ഓഡിറ്റ് രേഖ ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രി പി.ചിദംബരം. 3076 കോടി രൂപയില്‍ 3075.85 കോടി രൂപ തദ്ദേശീയരില്‍ നിന്ന് ലഭിച്ച സംഭാവനയാണെന്നും 39.67 ലക്ഷം രൂപ വിദേശ സംഭാവനയിലൂടെ ലഭിച്ചെന്നും പറയുന്നു. പ്രാരംഭ തുകയായി 2.25 ലക്ഷം ഫണ്ടിലുണ്ടായിരുന്നു. ഫണ്ടിന് ഏകദേശം 35 ലക്ഷത്തോളം പലിശയായി ലഭിച്ചുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഡിറ്റ് രേഖ പിഎം-കെയര്‍ ഫണ്ടിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിലും ഒന്ന് മുതല്‍ ആറ് വരെയുള്ള കുറിപ്പുകള്‍ പരസ്യമാക്കിയിട്ടില്ല. ഫണ്ടിലേക്ക് സംഭാവന ചെയ്ത ആഭ്യന്തര-വിദേശ ദാതാക്കളുടെ വിവരമാണ് ഈ കുറിപ്പിലുള്ളത്. ഇത് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്തതിന്റെ കാരണം ആരാഞ്ഞാണ് പി ചിദംബരം രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ഈ ഉദാരമായ ദാതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താത്തതെന്ന് മുന്‍ ധനമന്ത്രി കൂടിയായ പി.ചിദംബരം ട്വിറ്ററിലൂടെ ചോദിക്കുന്നു. പരിധിയില്‍ കൂടുതല്‍ തുക സംഭാവന ചെയ്യുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ എല്ലാ എന്‍ജിഒകളും ട്രസ്റ്റുകളും ബാധ്യസ്ഥരാണ്. എന്തുകൊണ്ടാണ് പിഎം-കെയര്‍ ഫണ്ടിനെ ഈ നിബന്ധനയില്‍ നിന്നൊഴിവാക്കിയതെന്ന് ചിദംബരം ചോദിച്ചു. ദാതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ട്രസ്റ്റികള്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.