കൊല്ലത്ത് പൊലീസിനെ തള്ളി കുഴിയിലിട്ട് വിലങ്ങുമായി 3 പ്രതികൾ കടന്നു, തിരച്ചിൽ തുടരുന്നു

single-img
2 September 2020

കൊല്ലം ജില്ലയിൽ പോക്സോ കേസിൽ പിടിയിലായ മൂന്നു പ്രതികൾ പൊലീസിനെ ആക്രമിച്ച ശേഷം കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനു ഗുരുതര പരുക്കേറ്റു. പോക്സോ കേസിനു പുറമേ ഒട്ടേറെ കേസുകളിൽ പ്രതികളായ കല്ലുവാതുക്കൽ പുലിക്കുഴി ചരുവിള വീട്ടിൽ ജിത്തു (കുട്ടൻ-24), മനു (26), ചിന്നുക്കുട്ടൻ (20) എന്നിവരാണു രക്ഷപ്പെട്ടത്.

തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെയാണ് പ്രതികൾ കുഴിയിലേക്ക് തള്ളിയിട്ടത്. സംഭവത്തിൽ വി.അനൂപിനാണ് (31) നട്ടെല്ലിനു സാരമായി പരുക്കേറ്റത്. കൈകൾ ഒന്നിലധികം ഭാഗത്ത് ഒടിയുകയും ചെയ്തു. എആർ ക്യാംപ് അംഗമായ അനൂപ് പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്നു. ഞായറായ്ച്ച രാത്രി 11നു പെരുമ്പുഴ യക്ഷിക്കാവ് കോളനിയിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളാണ് ജിത്തുവും മനുവും ചിന്നുക്കുട്ടനും. പ്രതികൾ യക്ഷിക്കാവിനു സമീപം ഒളിവിൽ കഴിയുന്നതറിഞ്ഞാണു പാരിപ്പള്ളി എസ്ഐ നൗഫലിന്റെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്.

വീടിന്റെ മുറ്റത്ത് പായ് വിരിച്ചു കിടക്കുകയായിരുന്നു പ്രതികൾ. ഇവരെ വളഞ്ഞു വച്ച ശേഷം മനുവിനെയും ചിന്നുക്കുട്ടനെയും ഒരു വിലങ്ങിൽ പൊലീസ് ബന്ധിച്ചു. ഒന്നാം പ്രതിയായ ജിത്തുവിന്റെ കയ്യിൽ വിലങ്ങിടാൻ ഒരുങ്ങുന്നതിനിടെ പരിസരവാസികൾ എത്തി. ഇതോടെ ജിത്തു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അനൂപ് പിന്നാലെ ഓടി. പിടികൂടുമെന്നായപ്പോൾ ജിത്തു പൊലീസുകാരെ തള്ളിയിടുകയായിരുന്നു. അനൂപ് കുഴിയിലേക്കാണു വീണത്. ഇതിനിടെ മറ്റ് പൊലീസുകാരെ ആക്രമിച്ചു മനുവും ചിന്നുക്കുട്ടനും കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു.

അനൂപിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ദിവസം മുൻപ് വീട് ആക്രമിച്ചത് ഉൾപ്പെടെ പത്തിലേറെ കേസുകളിലെ പ്രതികളാണ് മൂവരും. പൊലീസിനെ ആക്രമിച്ചതിനും വിലങ്ങുമായി രക്ഷപ്പെട്ടതിനും പരവൂർ പൊലീസ് രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട് . പ്രതികളെ പിടികൂടുന്നതിനായി പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.