വെഞ്ഞാറമൂടിൽ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ: ആറ്റിങ്ങൽ ഡിവൈ എസ് പി

single-img
31 August 2020

വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. അറസ്റ്റിലായവരെല്ലാം കോൺഗ്രസ് പ്രവർത്തകരാണെന്നും വെഞ്ഞാറമൂട് എസ് ഐ ഇവാർത്തയോട് പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം രാഷ്ട്രീയകൊലപാതകമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നുമാണ് പൊലീസിന്റെ നിഗമനമെന്നുമുള്ള മാതൃഭൂമി വാർത്ത അന്വേഷണ ഉദ്യോഗസ്ഥർ നിഷേധിച്ചു. മാതൃഭൂമിയോട് ഇത്തരത്തിൽ പറഞ്ഞത് ആരാണെന്ന് അറിയില്ലെന്ന് വെഞ്ഞാറമൂട് സബ് ഇൻസ്പെക്ടറും സർക്കിൾ ഇൻസ്പെക്ടറും ആറ്റിങ്ങൽ ഡി വൈ എസ്പിയും ഇവാർത്തയോട് പ്രതികരിച്ചു.

സംഭവം രാഷ്ട്രീയകൊലപാതകമല്ലെന്ന വാർത്ത മാതൃഭൂമിയുടെ ഓൺലൈൻ പോർട്ടലിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.

വ്യക്തിപരമായ കാരണങ്ങളാലാണോ കൊലപാതകമെന്ന് അറിയില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം കോൺഗ്രസ് പ്രവർത്തകരാണ്. മുൻപും രാഷ്ട്രീയമായ കാരണങ്ങളാൽ ഇവിടെ സംഘർഷമുണ്ടായിട്ടുണ്ടെന്നും വെഞ്ഞാറമൂട് എസ് ഐ പറഞ്ഞു.

രാഷ്ട്രീയ കൊലപാതകം തന്നെയാണ് നടന്നതെന്ന് വെഞ്ഞാറമൂട് സി ഐയും പറയുന്നു. രാഷ്ട്രീയമായ കാരണങ്ങൾ തന്നെയാണ് പ്രാഥമികമായി കാണുവാൻ സാധിക്കുന്നതെന്നും അദ്ദേഹം ഇവാർത്തയോട് പറഞ്ഞു. രാഷ്ട്രീയകൊലപാതകമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നായിരുന്നു ആറ്റിങ്ങൽ ഡി വൈ എസ് പി പ്രതികരിച്ചത്.