ആം ആദ്മിക്കെതിരായ പ്രതിഷേധത്തില്‍ പങ്കാളിയാകാനില്ല; ബിജെപി ക്ഷണം നിരസിച്ച് അണ്ണാ ഹസാരെ

single-img
29 August 2020

ആം ആദ്മി പാര്‍ട്ടിക്കെതിരായ പ്രതിഷേധത്തില്‍ പങ്കാളിയാകാനുള്ള ബിജെപി ക്ഷണം നിരസിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. ക്ഷണം നിരസിക്കുന്നതായി ചൂണ്ടിക്കാട്ടി അണ്ണാ ഹസാരെ ഡല്‍ഹി ബിജെപി ഘടകത്തിന് കത്തയക്കുകയും ചെയ്തു. ‘നിങ്ങളുടെ കത്ത് വായിച്ച് എനിക്ക് നിരാശ തോന്നി. കഴിഞ്ഞ ആറ് വര്‍ഷമായി നിങ്ങളുടെ പാര്‍ട്ടി ബിജെപിയാണ് കേന്ദ്രത്തില്‍ അധികാരത്തില്‍. യുവാക്കളാണ് ഈ രാജ്യത്തിന്റെ സ്വത്ത്. നിങ്ങളുടെ പാര്‍ട്ടിക്ക് അവരുടെ പിന്തുണ വേണ്ടത്രയുണ്ട്. എന്നിട്ടും ഒരു ചെറിയ കൂരയില്‍ കഴിയുന്ന അധികാരവും സമ്പത്തും ഇല്ലാത്ത സാധുവാണ് തന്നെ എന്തിനാണ് ക്ഷണിക്കുന്നതെന്നും ഡല്‍ഹി ബിജെപി മേധാവി ആദേഷ് ഗുപ്തക്കെഴുതിയ കത്തില്‍ അണ്ണാ ഹസാരെ പറയുന്നു. ഇതിലും നിര്‍ഭാഗ്യകരമായി മറ്റെന്താണുള്ളതെന്നും അദ്ദേഹം ബിജെപിയോട് ചോദിക്കുന്നു.

‘അഴിമതി ഇല്ലാതാക്കാന്‍ കേന്ദ്രം ശക്തമായ നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ആം ആദ്മി സര്‍ക്കാര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങളുടെ സര്‍ക്കാര്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാത്തതെന്നും ഹസാരെ ബിജെപിയോട് ചോദിച്ചു. അതേസമയം 2011 ല്‍ ഡല്‍ഹിയില്‍ അഴിമതിക്കെതിരെ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജന്മം കൊണ്ട പാര്‍ട്ടിയാണ് ആം ആദ്മി എന്നും ഈ പാര്‍ട്ടി ഇന്ന് അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും അതിനാലാണ് ഹസാരെയുടെ സഹായം തേടിയതെന്നും അദേഷ് ഗുപ്ത വ്യക്തമാക്കി. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം പോലുള്ള അഴിമതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു, ഇത് ഇടനിലക്കാരുടെ ഇടപെടൽ നീക്കം ചെയ്തു,” ഗുപ്ത പറഞ്ഞു.