മാനദണ്ഡങ്ങൾ ലംഘിച്ച് പിൻവാതിൽ നിയമനം: യുഡിഎഫ് ഭരിക്കുന്ന കാർഷിക സഹകരണ ബാങ്കിൽ പി എസ് സിയെ നോക്കുകുത്തിയാക്കി നടത്തുന്നത് നൂറുകണക്കിന് നിയമനങ്ങൾ

single-img
29 August 2020

 

 യുഡി എഫ് ഭരിക്കുന്ന കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പി എസ് സിയെ നോക്കുകുത്തിയാക്കി നടത്തുന്നത് നൂറുകണക്കിന് പിൻവാതിൽ നിയമനങ്ങൾ. സഹകരണ നിയമവും സർക്കാർ ധനകാര്യ വകുപ്പിന്റെ നിർദ്ദേശങ്ങളും കാറ്റിൽപ്പറത്തിയാണ് ഈ ബാങ്കിന്റെ വിവിധ ശാഖകളിൽ നിരവധി കരാർ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്കിന്റെ മാനേജിംഗ് ഡയക്ടർ ആയിരുന്ന സുരേഷ് ബാബു ഐഎഎസ് 2017-ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഇവാർത്തയ്ക്ക് ലഭിച്ചു.

അൻപതോളം അഗ്രിക്കൾച്ചറൽ ഓഫീസർമാരുടെയും നൂറോളം അസിസ്റ്റന്റുമാരുടെയും തസ്തികകളാണ് കരാർ നിയമനം വഴി അട്ടിമറിച്ചിരിക്കുന്നത്. ഈ ഒഴിവുകളിലേയ്ക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും കരാർ നിയമനങ്ങളിലൂടെ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കങ്ങൾക്ക് ബാങ്കിന്റെ ഭരണസമിതിയുടെ പിന്തുണ പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്നുണ്ട്.

2014-ൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവരുടെ കരാർ 2016 ഏപ്രിൽ മാസത്തിൽ വീണ്ടും അഞ്ചുവർഷത്തേയ്ക്ക് പുതുക്കി നൽകിയിരുന്നു. 2016-ലെ തെരെഞ്ഞെടുപ്പിൽ സർക്കാർ മാറിയാലും അടുത്ത തെരെഞ്ഞെടുപ്പ് വരെ ഇവരുടെ ജോലി സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വിചിത്രമായ നീക്കം നടത്തിയതെന്നാണ് ആരോപണം. നിയമനങ്ങൾ പണം വാങ്ങിയാണ് നടത്തിയതെന്ന ആരോപണത്തിന് ബലമേകുന്നതാണ് ഈ നിലപാട്‌.

1995-ൽ ഈ ബാങ്കിലെ നിയമനങ്ങൾ പി എസ് സിയ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഇതുവരെയും ഈ ബാങ്കിൽ നടന്നിട്ടുള്ള എല്ലാ നിയമനങ്ങളും കരാർ നിയമനങ്ങളോ ദിവസവേതന വ്യവസ്ഥയിലോ ആയിരുന്നു. ഇത്തരത്തിൽ നിയമനങ്ങൾ നടത്തുന്നതിന് യാതൊരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാറില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. കരാർ വ്യവസ്ഥയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുമ്പോൾ സർക്കാരിന്റെ അനുമതിതേടണമെന്നാണ് കേരള സഹകരണ സൊസൈറ്റി നിയമത്തിലെ 185(എ) വകുപ്പിൽ പറയുന്നത്. എന്നാൽ ഇത്തരത്തിൽ അനുമതി തേടാതെയാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നതെന്ന് സുരേഷ് ബാബു ഐ എ എസ് സർക്കാരിന് 2017-ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചും നോക്കുകുത്തി

കഴിഞ്ഞവർഷം ബാങ്കിലേയ്ക്ക് വന്ന താൽക്കാലിക ഒഴിവുകൾ എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിലേയ്ക്ക് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകിയ പട്ടികയിൽ നിന്നും ഒരു നിയമനം പോലും നടത്തിയില്ല എന്നും ആക്ഷേപമുണ്ട്. പല നിയമനങ്ങളും ബാങ്കിന്റെ പ്രസിഡന്റ് തന്നെ നേരിട്ട് ഫോൺ വിളിച്ച് അറിയിച്ചും മറ്റുമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാൻ ആയ സോളമൻ അലക്സാണ് സഹകരണ കാർഷികവികസന ബാങ്കിന്റെ പ്രസിഡന്റ്.

അനധികൃത നിയമനങ്ങളും പ്രൊമോഷനുകളും

ബാങ്കിലെ പ്യൂൺ പോസ്റ്റിലേയ്ക്കുള്ള ഒഴിവുകൾ പിഎസ് സിയ്ക്ക് വിട്ടതിന് ശേഷവും അനധികൃതമായി ഏഴുനിയമനങ്ങളാണ് 2014-ൽ നടത്തിയത്. ഗസ്റ്റ് റൂം കീപ്പർ എന്ന താൽക്കാലിക നിയമന തസ്തികയിലുള്ള ഏഴുപേരെ പ്യൂൺ ആയി പ്രൊമോട്ട് ചെയ്തുകൊണ്ടാണ് ബാങ്കിന്റെ ഭരണസമിതി പി എസ് സി നിയമനം അട്ടിമറിച്ചത്. എന്നാൽ ഇത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് കണ്ടെത്തിയ രജിസ്ട്രാർ ഈ പ്രൊമോഷനുകൾ പിന്നീട് റദ്ദ് ചെയ്യുകയും ചെയ്തു.

കോട്ടയത്തെ റീജിയണൽ ഓഫീസിൽ അടുത്തിടെ സിസ്റ്റം അഡ്മിൻ തസ്തികയിലേയ്ക്ക് ഒരാളെ നിയമിച്ചിരുന്നു. ഈ നിയമനം ഹെഡ് ഓഫീസിൽ നിന്നും വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടത്തിയതെന്നാണ് റീജിയണൽ മാനേജർ തോമസുകുട്ടി തോമസ് ഇവാർത്തയോട് പറഞ്ഞത്. എന്നാൽ താൻ ഇത്തരമൊരു നിയമനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നായിരുന്നു ബാങ്കിന്റെ എംഡി മിനി ആന്റണി ഐ എ എസിന്റെ പ്രതികരണം.

ഇല്ലാത്ത സെക്രട്ടറിയുടെ പേരിൽ ഹൈക്കോടതിയിൽ കേസ്

കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട അഗ്രിക്കൾച്ചറൽ ഓഫീസർമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ബാങ്കിന്റെ സെക്രട്ടറിയെയാണ് എതിർകക്ഷിയായി ചേർത്തിരിക്കുന്നത്. എന്നാൽ ബാങ്കിൽ ഇത്തരത്തിൽ ഒരു സെക്രട്ടറി എന്ന തസ്തിക ഇല്ല എന്നതാണ് വാസ്തവം. മാനേജിംഗ് ഡയറക്ടറും (ഐ എ എസ് ഓഫീസർ) ബാങ്ക് പ്രസിഡന്റും ജനറൽ മാനേജരുമാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്. വർഷങ്ങളായി ബാങ്കിൽ ജോലി ചെയ്യുന്ന അഗ്രിക്കൾച്ചറൽ ഓഫീസർമാർ ഇതറിഞ്ഞുകൊണ്ട് തന്നെയാണ് ഇല്ലാത്ത സെക്രട്ടറിയെ എതിർകക്ഷിയാക്കി കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ പിശക് കൊണ്ട് മാത്രം ഈ കേസിൽ ബാങ്കിന് മറുപടി പറയാതിരിക്കാവുന്ന സാഹചര്യത്തിൽ ബാങ്കിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാകുകയും ഈ തസ്തികകൾ പി എസ് സി നിയമനത്തിന് വിട്ടിരിക്കുകയാണെന്നതടക്കമുള്ള വസ്തുതകൾ കോടതിയെ ശരിയാംവണ്ണം ധരിപ്പിക്കാതിരിക്കുകയും ചെയ്തത് ഇക്കാര്യത്തിലെ ഒത്തുകളി വ്യക്തമാക്കുന്നു. ബാങ്കിന്റെ എംഡിയെ കക്ഷിയാക്കിയാൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹത്തിന് പി എസ് സി നിയമനത്തിന്റെ കാര്യം കോടതിയെ ബോധ്യപ്പെടുത്തേണ്ടി വരുമെന്നറിയാമെന്നത് കൊണ്ടാണ് ഇപ്രകാരം ചെയ്തത്. എതിർകക്ഷികളായ ബാങ്കോ സർക്കാരോ കോടതിയിൽ യാതൊരു രേഖകളും ഹാജരാക്കിയിട്ടില്ല.

ബാങ്കിന്റെ അനാസ്ഥ കൊണ്ടുമാത്രം ഈ ഹർജ്ജിയിൽ കരാർ ജീവനക്കാർക്ക് അനുകൂലമായ വിധി ഉണ്ടാകുകയും ചെയ്തു. പി എസ് സി നിയമനം നടക്കേണ്ട തസ്തികളിന്മേൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുകയാണ്. നിയമപ്രകാരം ഇല്ലാത്ത സെക്രട്ടറിയാണ് ഈ ഉത്തരവ് പാലിക്കേണ്ടയാൾ. എന്നാൽ ഈ കാര്യത്തിൽ വ്യക്തത വരുത്താൻ അപേക്ഷ നൽകുന്നതിന് പകരം ബാങ്കിന്റെ ജനറൽ മാനേജർ ഹൈക്കോടതിവിധി പ്രകാരം ഉദ്യോഗാർത്ഥികൾക്കായി മാർച്ച് മാസത്തിൽ ഹിയറിംഗിന് വിളിക്കുകയും ചെയ്തു.

അഗ്രിക്കൾചറൽ ഓഫീസർ തസ്തികയിലുണ്ടായ അനുകൂലവിധിയുടെ പശ്ചാത്തലത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്ന 32 പേർ ചേർന്ന് സ്ഥിരനിയമനത്തിനായി റിട്ട് പെറ്റിഷൻ സമർപ്പിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹർജിയീയുടെ വാദത്തിനിടയിലും പി എസ് സി നിയമനത്തിന് വിട്ടകാര്യമടക്കമുള്ള യാതൊരു തെളിവുകളും ബാങ്കിന്റെ അഭിഭാഷക കോടതിയിൽ ഹാജരാക്കിയിട്ടില്ല.

ഹൈക്കോടതിവിധിയിൽ ബാങ്കോ സംസ്ഥാന സർക്കാരോ അപ്പീൽ പോകാതിരുന്നാൽ പി എസ് സി വഴി നിയമനം നടക്കേണ്ടതും ഉയർന്ന ശമ്പളമുള്ളതുമായ 52 തസ്തികകളായിരിക്കും ഒറ്റയടിക്ക് ഇല്ലാതാകുക.

എന്നാൽ കരാർ നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് തന്നെയാണ് നടത്തിയതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ് ഇവാർത്തയോട് പ്രതികരിച്ചത്. എന്നാൽ 2016-ൽ കരാർ ജീവനക്കാരുടെ കാലാവധി വീണ്ടും അഞ്ചുവർഷത്തേയ്ക്ക് നീട്ടിക്കൊടുത്തതെന്തിന്നതടക്കമുള്ള പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ല.

സംസ്ഥാന സർക്കാർ വിവിധ വകുപ്പുകളിൽ പി എസ് സി നിയമനം അട്ടിമറിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ ജില്ലാ ചെയർമാൻ പ്രസിഡന്റായ ബാങ്കിലെ നിയമനത്തിൽ ഇത്തരം ക്രമക്കേടുകൾ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.