ഓണക്കാലത്ത് കേരളം ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? അറിയാം കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും

single-img
29 August 2020

‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ സർക്കാരിന്റെ ആരോഗ്യ സന്ദേശം ഇങ്ങനെയാണ്. മുൻപെങ്ങുമില്ലാത്ത വിധം കരുതലോടെ വേണം ഇത്തവണ ഓണം ആഘോഷിക്കേണ്ടത്. ഇളവുകളോടെയുള്ള നിയന്ത്രണങ്ങളാണ് ഓണക്കാലത്ത് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ പക്ഷേ ഇളവുകളില്ല, അവിടെ കടകളും കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ നിലവിലെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കണം. 10 വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങരുതെന്ന പൊതു നിർദേശവുമുണ്ട്. ഓണക്കാലത്ത് കേരളം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഇതിനോടകം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 2 വരെ രാവിലെ 6 മുതൽ രാത്രി 10 വരെ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചു പൊതുഗതാഗതമാകാമെന്ന് സർക്കാർ നിർദേശമുണ്ട്.

യാത്രക്കാരുടെ ആവശ്യാനുസരണം പ്രധാന ഡിപ്പോകളിൽനിന്നു കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് കെഎസ്ആർടിസിയു‌ടെ ദീർഘദൂര സർവീസുകളുണ്ട്. ഒരു ജില്ലയില്‍നിന്നു തൊട്ടടുത്ത ജില്ലയിലേക്ക് എന്നതു മാറി എല്ലാ ജില്ലകളിലേക്കും സർവീസുണ്ടാകും. പ്രധാന ഡിപ്പോകളിൽനിന്നു ബെംഗളൂരു, ചെന്നൈ സർവീസുകളുമുണ്ട്. എന്നാൽ യാത്ര അത്യാവശ്യത്തിനു മാത്രമായിരിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. മാസ്ക് ധരിക്കാനും സാനിട്ടൈസർ ഉപയോഗിക്കാനും ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുണ്ട്. ബന്ധുവീടുകളിലേക്കുള്ള ഓണക്കാല യാത്രകളും പരമാവധി ഒഴിവാക്കണമെന്നാണ് നിർദ്ദേശം. എവിടെപ്പോയാലും തിരിച്ചു വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകിവൃത്തിയാക്കണം.

തട്ടുകടകളും റസ്റ്ററന്റുകളും ഉൾപ്പെടെ ഭക്ഷണശാലകൾക്ക് സാമൂഹിക അകലം ഉറപ്പാക്കി രാത്രി 9 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട് . എന്നാൽ ഓണസദ്യയ്ക്കായുള്ള ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. ഓണസദ്യ പരമാവധി വീട്ടുകാർക്കൊപ്പമിരുന്ന് ആഘോഷിക്കാനാണ് സർക്കാർ പറയുന്നത്. മിക്ക ഹോട്ടലുകളും കടകളും ഹോം ഡെലിവറിക്കുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ സാമൂഹിക അകലം പാലിക്കണം. തട്ടുകടകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യവില്‍പന നടത്തുന്ന ജീവനക്കാര്‍ തൊപ്പി, മാസ്‌ക് എന്നിവ നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിച്ചും പൊതുജനങ്ങള്‍ക്ക് ഹാന്‍ഡ് വാഷ് അല്ലെങ്കില്‍ സാനിട്ടൈസര്‍ എന്നിവ ലഭ്യമാക്കിയുമാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നു പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പരിശോധനയുമുണ്ടാകും.

ഓണ വിപണിയിലെത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാര പരിശോധനകള്‍ക്കൊപ്പം ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍, പാല്‍, ഐസ്ക്രീം യൂണിറ്റുകള്‍, വെളിച്ചെണ്ണ നിർമാണ, പായ്ക്കിങ് യൂണിറ്റുകള്‍ തുടങ്ങിയ എല്ലാ ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തും. സെപ്റ്റംബര്‍ 5 വരെ ഈ സ്ക്വാഡ് നിലവിലുണ്ടാകും. ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കാം. മാളുകളും ഹൈപ്പർ മാർക്കറ്റുകളും തുണിക്കടകളും ഉൾപ്പെടെ വ്യാപാരശാലകൾക്കെല്ലാം രാവിലെ 7 മുതൽ രാത്രി 9 വരെ. പ്രവർത്തിക്കാൻ നിർദ്ദേശമുണ്ട്. ഉത്രാട ദിനമായ 30നും ഓണക്കിറ്റ് വിതരണത്തിനു വേണ്ടി റേഷൻ കടകൾ തുറക്കും. കിറ്റ് കൈപ്പറ്റാത്ത എഎവൈ, പിഎച്ച്എച്ച് വിഭാഗക്കാർക്ക് ഇനിയും വാങ്ങാൻ സൗകര്യമുണ്ട്. തിരുവോണ ദിനമായ 31ന് പക്ഷേ അവധിയാണ്.

ഓണക്കാലത്ത് ബവ്കോ, കൺസ്യൂമർഫെഡ് മദ്യ വിൽപനശാലകളുടെ പ്രവർത്തനസമയം രാവിലെ 9 മുതൽ രാത്രി 7 വരെ നീട്ടി. ബാർ സമയം നിലവിലെ 9 മുതൽ 5 വരെ– പാഴ്സൽ മാത്രം ലഭിക്കും. കള്ളുഷാപ്പുകളുടെ സമയം രാവിലെ 8 മുതൽ രാത്രി 7 വരെ. വിൽപനശാലകളിൽ സാനിട്ടൈസർ ഉറപ്പാക്കണം. മാസ്ക് നിർബന്ധം. സാമൂഹിക അകലവും ഉറപ്പാക്കണം. ബവ്ക്യൂ ആപ് വഴി ഒരിക്കൽ ബുക്ക് ചെയ്താൽ 3 ദിവസം കഴിഞ്ഞുമാത്രം അടുത്ത ബുക്കിങ് എന്ന വ്യവസ്ഥയും ഒഴിവാക്കി. ബുക്ക് ചെയ്താൽ അപ്പോൾ തന്നെ മദ്യം വാങ്ങാം. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്‌ലറ്റ് തിരഞ്ഞെടുക്കുന്ന രീതിയിലും ബവ്ക്യൂ ആപ് പരിഷ്കരിച്ചിട്ടുണ്ട്. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരും. സുരക്ഷിതത്വം നിലനിർത്തുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ഓണവിപണി സജീവമാക്കി നിലനിർത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കോവിഡ് കാലത്തെ ഓണക്കാലം എന്ന വലിയ പ്രതേകതയാണ് ഈ ഓണത്തിന്.