താനും അനിൽ നമ്പ്യാരും വർഷങ്ങളായുള്ള സുഹൃത്തുക്കൾ, കസ്റ്റംസ് സ്വർണ്ണമടങ്ങിയ ബാഗേജ് പിടിച്ചപ്പോൾ ബുദ്ധിയുപദേശിച്ചത് നമ്പ്യാർ: സ്വപ്നയുടെ മൊഴി

single-img
28 August 2020

സ്വര്‍ണക്കടത്ത് കേസിൽ ജനം ടിവി മേധാവി അനിൽ നമ്പ്യാർ കുരുക്കിൽ. കേസ് വഴിതിരിച്ചുവിടാന്‍ മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാര്‍ ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തരത്തില്‍ കസ്റ്റംസിന് മൊഴി ലഭിച്ചുവെന്ന സൂചനകൾ നേരത്തംേ പുറത്തു വന്നിരുന്നു.  സ്വര്‍ണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോണ്‍സുല്‍ ജനറലിനെക്കൊണ്ട് വാര്‍ത്താക്കുറിപ്പിറക്കാന്‍ സ്വപ്നയെ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചുവെന്നാണ് കസ്റ്റംസ് പറയുന്നത്. 

 കോണ്‍സുല്‍ ജനറലിന്‍റെ നിര്‍ദേശപ്രകാരം ഈ വാര്‍ത്താക്കുറിപ്പ് തയാറാക്കി നല്‍കാമെന്ന് അനില്‍ നമ്പ്യാര്‍ ഉറപ്പും നല്‍കി. സ്വപ്നയുടെ ഈ മൊഴിയില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അനില്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് കസ്റ്റംസ് നൽകുന്ന സൂചനകൾ. 

ഇതിനിടയിൽ സ്വപ്ന സുരേഷ് അനിൽ നമ്പ്യാരെ കുറിച്ചു നൽകിയ മൊഴികളും പുറത്തു വന്നിട്ടുണ്ട്. അനിൽ നമ്പ്യാർക്ക് യു.എ.ഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നതിനാൽ അവിടെ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്നിരുന്നു. ആ സമയത്ത് അറ്റ്ലസ് രാമചന്ദ്രൻ്റ അഭിമുഖത്തിനായി ദുബൈയിൽ പോകണം എന്നുള്ളതിനാൽ യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചുവെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. 

സരിത്ത് തന്നെ വിളിക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്. അനുസരിച്ച് തന്നെ വിളിക്കുകയും കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി നൽകുകയുമായിരുന്നു. അതിന് ശേഷം താനും അനിൽ നമ്പ്യാരും നല്ല സുഹൃത്തുക്കളാണെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. 

2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നുവെന്നും ഒരുമിച്ച് ഡ്രിങ്ക്സ് കഴിച്ചുവെന്നും സ്വപ്ന പറയുന്നു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാർ അന്വേഷിച്ചിരുന്നു. കൂടാതെ ബി.ജെ.പിക്കു വേണ്ടി കോൺസുലേറ്റിൻ്റെ സഹായങ്ങൾ അഭ്യർത്ഥിച്ചുവെന്നും സ്വപ്ന പറയുന്നു. 

ബന്ധുവിൻ്റെ ടൈൽസ് കട ഉദ്ഘാടനത്തിന്  യു.എ.ഇ. കോൺസൽ ജനറലിനെ ഉദ്ഘാടനത്തിനായി കൊണ്ടുവരാൻ കഴിയുമോ എന്നും ആരാഞ്ഞിരുന്നു. താൻ അത് ഏറ്റിരുന്നു. അതിന് ശേഷം ടൈൽ കട ഉദ്ഘാടത്തിന് വീണ്ടും കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോൺസൽ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചുവെന്നും ഇക്കാര്യം താൻ കോൺസൽ ജനറലിൻ്റെ ശ്രദ്ധയിൽ  പെടുത്തിയെന്നും സ്വപ്ന പറയുന്നു. 

മാക്ബുക്കാണ് സമ്മാനമായി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടത്. കടയുടമ വഴി അത് സമ്മാനമായി നൽകുകയും ചെയ്തു. അനിൽ നമ്പ്യാർ ഇടക്ക് സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടെന്നും സ്വപ്ന പറയുന്നു.

സ്വർണ്ണക്കടത്ത് സംബന്ധിച്ച വാർത്ത ചാനലുകളിൽ വന്നപ്പോൾ അത് നിർത്താൻ കോൺസൽ ജനറൽ തൻ്റെ സഹായം അഭ്യർത്ഥിച്ചു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവിൽ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അതിനു മുമ്പ് അതിന് മുൻപ് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലൊമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടുവെന്നാണ് സ്വപ്ന നൽകിയ മൊഴിയിലുള്ളത്. 

അനിൽ നമ്പ്യാരെ തിരിച്ചുവിളിച്ച് കോൺസൽ ജനറലിൻ്റെ പേരിൽ ഒരു കത്ത് തയ്യാറാക്കി നൽകാൻ താൻ ആവശ്യപ്പെട്ടുവെന്നും അത് നൽകാം എന്ന് അനിൽ നമ്പ്യാർ ഏറ്റുവെന്നും സ്വപ്ന പറയുന്നു. എന്നാൽ ആ സമയത്ത് ഞാൻ സ്വയരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാൽ ഇക്കാര്യം തുടർന്ന് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.