വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു; പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതിനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍

single-img
28 August 2020

കേരളാ സര്‍ക്കാരിനും സംസ്ഥാന മുഖ്യമന്ത്രിക്കുമെതിരേ ചില പത്രങ്ങള്‍ വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാന്‍ സംസ്ഥന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.ഈ വിവരം സംസ്ഥാന നിയമ മന്ത്രി എ കെ ബാലനാണ് അറിയിച്ചത്.

നിയമ സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ച, സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി, സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തം എന്നീ വിഷയങ്ങളില്‍ ചില പത്രങ്ങള്‍ വാസ്തവിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു എന്ന് എ കെ ബാലന്‍ ആരോപിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷ നേതാക്കള്‍ പറയുന്ന കാര്യങ്ങളാണ് പത്രങ്ങള്‍ കൊടുക്കുന്നതെന്നും അങ്ങിനെ ചെയ്യുന്നതിലൂടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മോശം പ്രതിച്ഛായ ഉണ്ടാക്കി കൊടുക്കാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

വാര്‍ത്ത നല്‍കുമ്പോള്‍ വസ്തുതകള്‍ വസ്തുതകളായി കൊടുക്കണമെന്നും മറിച്ച് വസ്തുതകളെ വക്രീകരിച്ച് കൊടുക്കുന്നത് പത്രധര്‍മം അല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ പറയുന്ന കള്ളങ്ങള്‍ അതേപോലെതന്നെ ചില പത്രങ്ങള്‍ നല്‍കുന്നു എന്നും അങ്ങിനെ ചെയ്യുന്നത് പത്ര ധര്‍മം അല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുപോലുള്ള മാധ്യമങ്ങളുടെ കാര്യത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനം എടുക്കട്ടെ എന്നാണ് നിലപാടെന്ന് എ കെ ബാലന്‍ പറഞ്ഞു.