സ്വർണക്കടത്ത് വിവാദം: അനിൽ നമ്പ്യാർ ജനം ടിവിയിൽ നിന്നും പുറത്ത്

single-img
28 August 2020

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ ജനം ടിവിയിൽ നിന്നും പുറത്തായി. ഈ വിഷയത്തിൽ തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും താൻ മാറി നിൽക്കുന്നു എന്നാണ് അനിൽ നമ്പ്യാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജില്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ അനിൽ നമ്പ്യാർ ഇടപെട്ടതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്ര ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി.

ഇതുകൂടാതെ സ്വപ്നയുമായി അനിൽ നമ്പ്യാർക്ക് നല്ല അടുപ്പമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന നിരവധി വസ്തുതകളടങ്ങിയ മൊഴിപ്പകർപ്പ് പുറത്ത് വന്നത് വിവാദമാകുകയും ചെയ്തു. ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ ഓർഡിനേറ്റിങ് എഡിറ്റർക്കെതിരായി ഉണ്ടായ ഈ നടപടി ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ജനം ടിവിയ്ക്ക് ബിജെപിയുമായി ഒരുബന്ധവുമില്ലെന്നായിരുന്നു ഈ വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിലപാട്. എന്നാൽ പല സംഘപരിവാർ-ബിജെപി നേതാക്കൾക്കും ഷെയർ ഉള്ള ജനം ടിവി സംഘപരിവാർ നിയന്ത്രിക്കുന്ന ചാനലാണ്.

അതേസമയം, നീതിക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ഒന്നും ചെയ്യാത്തിടത്തോളം കാലം ഒരന്വേഷണത്തെയും ഞാൻ ഭയക്കുന്നില്ലെന്ന് അനിൽ നമ്പ്യാർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിലെ നന്മമരങ്ങളോട് മാത്രമേ സംവദിക്കാവൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോയെന്നും അനിൽ നമ്പ്യാർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

“സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നിൽ ഹാജരായി ഇന്നലെ ഞാൻ മൊഴി കൊടുത്തു.
ക്യാമറകൾക്ക് മുന്നിലൂടെ ഒരു സാധാരണക്കാരനായി നടന്നുപോയാണ് അവരുടെ ചോദ്യങ്ങൾക്ക് അക്കമിട്ട്
മറുപടി നൽകിയത്.
ഞാൻ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ ഇതിൽ ഒളിച്ചുവെക്കാനൊന്നുമില്ല.
ആരെയും സംരക്ഷിക്കാനുമില്ല.
പക്ഷെ ഒരു രാജ്യദ്രോഹിയായി എന്നെ ചിത്രീകരിച്ചു കൊണ്ട് ഇകഴ്ത്തലുകളുടെ ഘോഷയാത്രയുമായി എൻ്റെ സഹപ്രവർത്തകർ കഴിഞ്ഞ വാർത്താദിവസം ആഘോഷിച്ചു.
കഥയറിയാതെ ആട്ടം നടത്തിയവരോട് ഒന്നും പറയാനില്ല.
റേറ്റിങ്ങിനായുള്ള അഭ്യാസമെന്നതിലുപരിയായി ഈ ആട്ടക്കഥയെ ഞാൻ കാണുന്നുമില്ല.”

അനിൽ നമ്പ്യാർ പറയുന്നു.

കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുക യായിരുന്നു ഞാൻ.ഓണം ഷൂട്ടിംഗിൻ്റെ തിരക്കുമായി ബന്ധപ്പെട്ട്…

Posted by ANIL NAMBIAR on Friday, August 28, 2020

ജൂലൈ അഞ്ചാം തീയ്യതിയിലെ ഫോൺ കോളിനെക്കുറിച്ച് വ്യക്തത വരുത്തുകയായിരുന്നു കസ്റ്റംസിൻ്റെ ഉദ്ദേശ്യം. ഒരന്വേഷണ ഏജൻസി എന്ന നിലയിൽ അവരുടെ ഉത്തരവാദിത്വം അവർ നിർവ്വഹിച്ചു. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. അന്വേഷണത്തോട് പൂർണ്ണമായും സഹകരിച്ചുവെന്നും അനിൽ നമ്പ്യാർ തന്റെ പോസ്റ്റിൽ പറയുന്നു.

അനില്‍ നമ്പ്യാര്‍ക്ക് യുഎഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നെന്നും അവിടേക്കു പോകാന്‍ താനാണ് സഹായിച്ചതെന്നും സ്വപ്നയുടെ മൊഴിയിൽപ്പറയുന്നു. യുഎഇ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് അനില്‍ നമ്പ്യാര്‍ ഭയന്നിരുന്നു. ഒരു വ്യവസായിയുടെ അഭിമുഖത്തിനായി അനിലിന് ദുബായില്‍ പോകണമായിരുന്നുവെന്നും യാത്രാനുമതി ലഭിക്കാന്‍ സരിത്തിനെ സമീപിച്ചപ്പോൾ സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു അനില്‍ വിളിച്ചു. കോണ്‍സല്‍ ജനറല്‍ വഴി യാത്രാനുമതി നല്‍കി. അതിനുശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. 2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്പ്യാര്‍ വിളിച്ചിരുന്നെന്നും അന്ന് യുഎഇ നിക്ഷേപങ്ങളെക്കുറിച്ച് അനിൽ നമ്പ്യാര്‍ അന്വേഷിച്ചുവെന്നും സ്വപ്‌നയുടെ മൊഴിയിൽ പറയുന്നുണ്ട്. അനിലിന്റെ ബന്ധുവിന്റെ ടൈല്‍ കട ഉദ്ഘാടനത്തിന് യുഎഇ കോണ്‍സല്‍ ജനറലിനെ എത്തിക്കാന്‍ സഹായിച്ചുവെന്നും സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ട്.