കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്ന മാസ്ക് ഏത്? കാരണം എന്ത്? ഉത്തരവുമായി ഇന്ത്യൻ ഗവേഷകർ

single-img
27 August 2020

ഇതു മാസ്കുകളുടെ കാലമാണ്. ലോകം മുഴുവൻ കോവിഡ് രോഗം വ്യാപിച്ചതോടെ മാസ്ക്കുകൾ ധരിക്കാത്ത ഒരു വ്യക്തിയെയും പുറത്തു കാണുവാൻ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്. പ്രാധാന്യം മാസ്കുകൾക്ക് മനുഷ്യജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു. കൊവിഡ് കാലത്താണ് മാസുകളുടെ ആവശ്യം എത്രത്തോളം വലുതാണെന്ന് ആരോഗ്യപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. 

രോഗവാഹകരായ വൈറസുകളെ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കാതിരിക്കുന്നതില്‍ മാസ്‌കുകള്‍ വഹിക്കുന്നത്  പ്രധാന പങ്കാണ്. ലോകം വരാതിരിക്കുക എന്നതിലുപരി രോഗം പടരാതിരിക്കുക എന്നുള്ളതും മാസ്ക് മൂലം സാധ്യമാകുന്നു. രോഗിയായ ഒരാള്‍ മാസ്‌ക് ധരിക്കുന്നതിലൂടെ ചുമയിലൂടെയും തുമ്മലിലൂടെയുമുള്ള രോഗാണുക്കളെ പുറന്തള്ളുന്ന പ്രവര്‍ത്തി തടയാനാവും. 

അതേസമയം നമ്മള്‍ ഉപയോഗിക്കുന്ന മാസ്‌കുകളുടെ ഗുണമേന്‍മ വളരെ പ്രധാനമാണ്. കൊവിഡ് രോഗം പരത്തുന്ന രോഗാണുക്കളുടെ വ്യാപനം തടയുന്നതില്‍ ഏതു മാസ്കാണ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത്. മാസ്കുകളുടെ കൂട്ടത്തിൽ  എന്‍ 95 മാസ്‌കുകളാണ് ഏറെ പ്രയോജനകരമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഐ എസ് ആര്‍ ഒയിലേതടക്കമുള്ള ഗവേഷകരുടെ ഒരു സംഘമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

രോഗം ബാധിച്ച ഒരു വ്യക്തിയുടെ ചുമയിലൂടെയാണ് വൈറസുകള്‍ കൂടുതലും പടരുന്നത്. ചുമയ്ക്കുമ്പോള്‍ രോഗാണുക്കളടക്കമുള്ള വസ്തുക്കളുടെ സഞ്ചാരത്തെ അപഗ്രഥിച്ചാണ് പഠനം നടത്തിയതും റിപ്പോർട്ട് തയ്യാറാക്കിയതും. ത്യസ്ത മാസ്‌കുകള്‍ ഉപയോഗിച്ച് ഇത് പരീക്ഷിച്ചിരുന്നു. എൻ95 മാസ്കുകൾ എന്തുകൊണ്ട് ഫലപ്രദമാകുന്നു എന്നുള്ള വിവരങ്ങൾ ഫിസിക്സ് ഓഫ് ഫ്ളൂയിഡ്സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

ചുമയുടെ തിരശ്ചീന വ്യാപനം കുറയ്ക്കുന്നതിന് എന്‍ 95 മാസ്‌കുകള്‍ ഏറ്റവും ഫലപ്രദമാണെന്നാണ് പരീക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സാധാരണ രീതിയില്‍ മാസ്‌ക് ഉപയോഗിക്കാത്ത ഒരാള്‍ ചുമയ്ക്കുമ്പോള്‍ അണുക്കള്‍ മൂന്ന് മീറ്ററോളം മുന്നിലേക്ക് തെറിക്കുന്നുവെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഇത് 0.1 മുതല്‍ 0.25 മീറ്റര്‍ വരെ പരിമിതപ്പെടുകയാണ്. ഇതുമൂലം രമാഗവ്യാപനം കുറയുന്നു. അതേസമയം ഒരു സര്‍ജിക്കല്‍ മാസ്‌കിന് ഇത് അരമീറ്റര്‍ മുതല്‍ 1.5മീറ്റര്‍ വരെയായി നിജപ്പെടുത്താമെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. 

മാസ്‌കിനൊപ്പം സാമൂഹിക അകലം കൂടി കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഈ പരീക്ഷണത്തിലൂടെ മനസ്സിലാക്കാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കൈമുട്ട് ഉപയോഗിച്ച് ചുമയെ തടുക്കുന്നത് നല്ല മാതൃകയായി സ്വീകരിക്കാനാവില്ലെന്ന അഭിപ്രായവും ഗവേഷകർ ഉയർത്തുന്നുണ്ട്. 

ഒരുപക്ഷേ എന്‍ 95 മാസ്‌കുകള്‍ ലഭിക്കാത്തവര്‍ തുണി മാസ്‌കെങ്കിലും ഉപയോഗിക്കുന്നത് ശീലമാക്കണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.  ആശുപത്രി പോലെയുള്ള ഇടങ്ങളില്‍ പോകുമ്പോള്‍ പക്ഷേ കൂടുതല്‍ ശ്രദ്ധ നല്‍കുവാനും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം വാല്‍വുകളുള്ള എന്‍ 95 മാസ്‌കുകള്‍ ഫലപ്രദമല്ലെന്നുള്ള കാര്യവും വിദ്ദർ എടുത്തു പറയുന്നുണ്ട്.