‘ഇന്ത്യ ഫസ്റ്റ്’ പുതിയ വിദേശ നയവുമായി ശ്രീലങ്ക; മനം മാറ്റത്തിന് കാരണം ചൈനയുടെ ചതി

single-img
26 August 2020

ഒറ്റ അയൽ രാജ്യത്തിനും വിശ്വസിക്കാൻ പറ്റാത്ത ‘ചങ്ങാതിയും ശത്രുവും കൂടിയാണ് ചൈന എന്നതിന് ഇതാ ഒരു ഉദാഹരണം കൂടി. ഇത്തവണ ശ്രീലങ്കയാണ്‌ ചൈനയുടെ ചതി തിരിച്ചറിഞ്ഞത്. ആപത്തുവന്നപ്പോൾ സഹായം എന്ന രീതിയിൽ മനോഹരമായി ഒരുക്കിയ കടംകൊടുക്കല്‍ കെണിയില്‍ അകപ്പെട്ട് ഇന്ത്യവിരുദ്ധ നിലപാട് സ്വീകരിച്ച ശ്രീലങ്കയ്ക്ക് ഒടുവിൽ മനം മാറ്റം ഉണ്ടായിരിക്കുന്നു.

ചൈനയുടെ ചതി തിരിച്ചറിഞ്ഞതിനാൽ ഇനിമുതല്‍ ശ്രീലങ്കയുടെ വിദേശ നയം ഇന്ത്യ ഫസ്റ്റ് എന്ന തത്വത്തില്‍ അധിഷ്ഠിതമായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി. ശ്രീലങ്കയില്‍ ഇപ്പോൾ ഉള്ള ചൈനയുടെ സാന്നിദ്ധ്യം സംബന്ധിച്ച് ഇന്ത്യയുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ശ്രീലങ്കയുടെ മണ്ണില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ ഒരു നടപടിയ്ക്കും തങ്ങള്‍ അവസരം നല്‍കില്ലെന്നും പുതിയതായി നിയമിതനായ വിദേശകാര്യ സെക്രട്ടറി ജയനാഥ് കൊളംബേജ് അറിയിക്കുകയും ചെയ്തു.

ശ്രീലങ്കയിലെ സൈനിക പശ്ചാത്തലമുള്ള ആദ്യത്തെ വിദേശകാര്യ സെക്രട്ടറികൂടിയാണ് ഇദ്ദേഹം. ‘ഇന്ത്യ ഫസ്റ്റ്’ എന്ന തങ്ങളുടെ പുതിയ പോളിസിയെ കുറിച്ചുള്ള ശ്രീലങ്കയുടെ കാഴ്ചപ്പാട് ജയനാഥ് കൊളംബേജ് ഡെയ്ലി മിററിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. ‘ഇന്ത്യയ്‌ക്കെതിരായി ഞങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല’ എന്ന് അദ്ദേഹം ഉറപ്പോടെ ഇതിൽ വെളിപ്പെടുത്തുന്നുണ്ട്.

ശ്രീലങ്കയിലെ ഹംബട്ടോട്ട തുറമുഖ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കി അവസാനം അത് രാജ്യത്തിന് തന്നെ ബാദ്ധ്യതയായ അവസ്ഥ ചൈനയില്‍ നിന്നും ശ്രീലങ്കയ്ക്കുക്ക് നേരിടേണ്ടിവന്നിരുന്നു. സഹായിക്കാൻ വന്നിട്ട് ഒടുവിൽ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അവകാശം തന്നെ ചൈനയ്ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയായി ശ്രീലങ്കയ്ക്ക്.

2017 ലായിരുന്നു ശ്രീലങ്ക 99 വര്‍ഷത്തെ പാട്ടത്തിന് ഹംബന്റോട്ട തുറമുഖം ചൈനയ്ക്ക് കൈമാറിയത് . ചൈനയുടെ ചതി വ്യക്തമായി മനസിലായതോടെയാണ് ഇടക്കാലത്തെ ചൈന പ്രേമം വിട്ടെറിഞ്ഞ് ഇന്ത്യയോട് അടുക്കാന്‍ ശ്രീലങ്ക വീണ്ടും തീരുമാനിച്ചത്. ശ്രീലങ്കയുടെ പുതിയ നയം ഇന്ത്യയുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് പ്രഹരമാവും.