കോവിഡിനെ ചെെന പിടിച്ചുകെട്ടിയതിങ്ങനെ: തങ്ങൾ ജൂലെെ മുതൽ വാക്സിൻ ഉപയോഗിക്കുകയാണെന്ന് ചെെനയുടെ വെളിപ്പെടുത്തൽ

single-img
26 August 2020

നിർണ്ണായകമായ വെളിപ്പെടുത്തലുമായി ചെെന. ജൂലൈ മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗിച്ചുവരികയാണെന്ന വെളിപ്പെടുത്തലുമായാണ് ചെെന രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരിലും സൈനികരിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സീന്‍ ഉപയോഗിക്കുന്നതെന്ന് ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വികസന കേന്ദ്രം ഡയറക്ടര്‍ ഷെങ് സോങ്‌വേ വ്യക്തമാക്കി. 

സിനോഫാര്‍മിന്റെ ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സീന്‍ ആണ് ഉപയോഗിക്കുന്നത്. ജൂലൈ 22നാണ് വാക്‌സിന് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ലോക രാജ്യങ്ങളിൽ രോഗം പടർന്നു പിടിക്കുൃന്ന സാഹചര്യത്തിൽ ചെശനയ്ക്ക് വ്യാപനം പിടിച്ചു നിർത്താനായതും ഇതുകൊണ്ടാണെന്നു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. 

മുന്‍നിര മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ക്ലിനിക്കുകളിലെ മെഡിക്കല്‍ ജീവനക്കാര്‍, കസ്റ്റംസ്, അതിര്‍ത്തി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ഷെങ് സോങ്‌വേ വ്യക്തമാക്കി.ചൈനീസ് സ്‌റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററിന്റെ പരിപാടിയിലായിരുന്നു നിര്‍ണായക വെളിപ്പെടുത്തല്‍.

നിരവധി രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് വാക്സിൻ പരീക്ഷണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ, പെറു, മൊറോക്കോ, അര്‍ജന്റീന എന്നിവിടങ്ങളിലായിരുന്നു വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നത്. ശൈത്യകാലത്ത് വൈറസ് പടരാതിരിക്കുന്നതിനു വേണ്ടിയായിരിക്കും വാക്‌സിന്റെ അടുത്തഘട്ടത്തിലെ ഉപയോഗമെന്നും അദ്ദേഹം വ്യക്തമാക്കി.  ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനം തടയാന്‍ സാധിച്ചാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെ മറ്റു മേഖലയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ലോകത്ത് കോവിഡ് വാക്‌സിനുകളില്‍ ഏറ്റവുമധികം പരീക്ഷണം നടക്കുന്നത് ചൈനയിലാണ്. സര്‍ക്കാരിന്റെ കീഴിലുള്ള അക്കാഡമി ഓഫ് മിലിട്ടറി സയന്‍സിന് കീഴിലുള്ള ബെയ്ജിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയും കാന്‍സിനോ ബയോളജിക്‌സും ചേര്‍ന്നാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്. നേരത്തെ, സൈനികരില്‍ മാത്രം ഉപയോഗിക്കുന്നതിന് ജൂണില്‍ മറ്റൊരു വാക്‌സിനും അനുമതി നല്‍കിയിരുന്നു. 

അതേസമയം ഔദയോഗികമായി ലോകത്ത് ആദ്യമായി ഒരു കൊവിഡ് വാക്സിന് അംഗീകാരം നൽകുന്ന രാജ്യം റഷ്യയാണ്. ഈ മാസം അവസാനത്തോടെ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കി തുടങ്ങുമെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. പക്ഷെ ഇപ്പോഴും റഷ്യൻ വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്നും വാക്സിന്റെ ഗവേഷണങ്ങളെ പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങളും പുറത്ത് വിടണം എന്നുമാണ് ശാസ്ത്രലോകം ആവശ്യപ്പെടുന്നത്.

എന്നാൽ, റഷ്യ കണ്ടുപിടിച്ച വാക്സിൻ സുരക്ഷിതമാണെന്നും തന്റെ മകളിൽ തന്നെ പരീക്ഷണം നടത്തിയതായും പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞിരുന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ സംസ്ഥാന ഗവേഷണ കേന്ദ്രമായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ തന്നെ കോവിഡ് 19 പ്രതിരോധ വാക്സി​​ന്റെ ക്ലിനിക്കല്‍ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്​. വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ക്കും അധ്യാപകര്‍ക്കുമായിരിക്കും വാക്സിന്‍ നല്‍കുകയെന്നും ആരോഗ്യമന്ത്രി മിഖായേല്‍ മുറഷ്​കോ പറഞ്ഞതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തിരുന്നു.