സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടായതെങ്ങനെ? വിശദാംശങ്ങൾ ഇവാർത്തയ്ക്ക്

single-img
25 August 2020

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഒരു ഓഫീസ് മുറിയിൽ തീപിടുത്തമുണ്ടായത്. ഇത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കുന്നതിനായി നടത്തിയ നാടകമാണെന്ന തരത്തിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാൽ അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന വിവരമാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ഇവാർത്തയ്ക്ക് ലഭിച്ചത്.

തീപിടുത്തമുണ്ടായ സാഹചര്യം

ഇന്ന് തീപിടുത്തമുണ്ടായ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ട് ദിവസമായി ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഓഫീസിൽ ഒരാളുടെ ഇരിപ്പിടത്തിന് മുകളിലുണ്ടായിരുന്ന ഒരു ഫാൻ ഓഫ് ചെയ്യാൻ മറന്നുപോയിരുന്നു രണ്ട് ദിവസം തുടർച്ചയായി കറങ്ങിയതിനെത്തുടർന്ന് ഈ ഫാനിന്റെ കോയിൽ ചൂടായി ഉരുകുകയും തുടർന്ന് ഷോർട്ട് സർക്യൂട്ട് വഴി തീപിടുത്തമുണ്ടാകുകയുമായിരുന്നു.

എന്നാൽ ഈ തീപിടുത്തത്തിൽ ഫയലുകളൊന്നും തന്നെ കത്തിനശിച്ചിട്ടില്ലെനാണ് ലഭിക്കുന്ന വിവരം. ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയ്ക്ക് മുകളിലുള്ള ചില പേപ്പറുകൾക്ക് മാത്രമാണ് തീപിടിച്ചത്. പെട്ടെന്ന് തന്നെ ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയും ചെയ്തു.

തീയിട്ട് നശിപ്പിക്കാൻ കഴിയാത്ത ഇ ഫയൽ സംവിധാനം

സെക്രട്ടേറിയറ്റിലെ ഫയലുകളോ രേഖകളോ ഒരു തീപിടുത്തത്തിലൂടെ നശിപ്പിക്കാൻ സാധിക്കുകയില്ല. എല്ലാ ഫയലുകൾക്കും സർക്കാരിന്റെ സെർവറിൽ ഡിജിറ്റൽ ബാക്കപ്പ് സംവിധാനം ഉണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്ത് തുടങ്ങിവെച്ച ഇ ഫയൽ സംവിധാനം പൂർണ്ണമായി നടപ്പാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്.