ചൈന അതിര്‍ത്തി പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയിട്ടില്ല: വിശദീകരണവുമായി നേപ്പാള്‍

single-img
23 August 2020

തങ്ങളുടെ വിവിധ അതിര്‍ത്തി പ്രദേശങ്ങള്‍ അയല്‍ രാജ്യമായ ചൈന കൈവശപ്പെടുത്തിയെന്ന വാര്‍ത്തകള്‍ തള്ളി നേപ്പാള്‍. നേപ്പാളിലെ പ്രധാന മാധ്യമത്തില്‍ കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഈ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചതെന്നും അപ്പോള്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചതാണെന്നും സംഭവത്തില്‍ പ്രസ്തുത പത്രം ക്ഷമാപണം നടത്തിയതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ചൈനയുമായി നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്ന ഏഴ് ജില്ലകളിലെ പല സ്ഥലങ്ങളിലും ചൈന അനധികൃതമായി കൈയേറ്റം നടത്തിയിട്ടുണ്ടെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. പക്ഷെ ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമായ കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും ഇതുപോലുള്ള വിഷയങ്ങള്‍ കൃഷിമന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണാനില്ലെന്ന് പറയുന്ന 37,38 നമ്പറിലുള്ള അതിര്‍ത്തിയിലെ അടയാളങ്ങള്‍ ഇരുരാജ്യങ്ങളും ഒരിക്കലും സ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. വളരെയേറെ സൗഹൃദത്തിലുള്ള അയല്‍രാജ്യങ്ങളാണ് ചൈനയും നേപ്പാളും. മാധ്യമങ്ങള്‍ തന്ത്രപ്രധാനമായ വിഷയങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിന് മുമ്പ് തീര്‍ച്ചയായും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് യഥാര്‍ത്ഥ വിവരങ്ങള്‍ തേടണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ അറിയിക്കുന്നു.