ബ്രിട്ടനില്‍ മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ലേലത്തിന് വെച്ചു; ലഭിച്ചത് രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ

single-img
22 August 2020

ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ബ്രിട്ടനില്‍ ലേലത്തിലൂടെ 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം ഇന്ത്യന്‍ രൂപ) വിറ്റു. കണ്ണടയുടെ ലേലം നടത്തിയ ‘ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്’ എന്ന കമ്പനിക്ക് ഒരു കത്തിലൂടെയായിരുന്നു കണ്ണട കൈവശമുള്ള കാര്യം ഒരാള്‍ അറിയിക്കുന്നത്.

ഈ വ്യക്തിയുടെ അമ്മാവന് ദക്ഷിണാഫ്രിക്കയില്‍ വച്ച് 1920- 30കളില്‍ ഗാന്ധി നേരിട്ട് സമ്മാനിച്ചതായിരുന്നു ഈ കണ്ണട. ഇത്ര വര്‍ഷങ്ങളായി അത് അവര്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. നാല് ആഴ്ചകള്‍ക്ക് മുന്‍പാണ് കണ്ണടയുടെ ലേലത്തിന് താല്‍പര്യം പ്രകടിപ്പിച്ച് വീട്ടുകാര്‍ കത്ത് നല്‍കിയത്.

ഇത്തരത്തില്‍ കത്ത് ലഭിച്ചതോടെ കമ്പനി ലേലത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുകയായിരുന്നു. തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വളരെ മികച്ച തുകയ്ക്കാണ് ലേലം നടന്നതെന്നും ഈ കാര്യത്തില്‍ ഏറെ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.