”പാചകം ചെയ്യലും അതു പകർത്തലും ഒരേസമയം ചെയ്യുന്നത് അത്ര എളുപ്പമല്ല” ആരാധകർക്കായി ബേസൻ കോക്കനട്ട് ബർഫിയുമായി ശിൽപ

single-img
21 August 2020

ബേസൻ കോക്കനട്ട് ബർഫിയുമായി ബോളിവുഡ് താരം ശില്പ ഷെട്ടി. ഫിറ്റ്നസിനോളം പ്രിയമാണ് നടി ശിൽപ ഷെട്ടിക്ക് പാചകവും. യോഗ,അഭിനയം,ഡാൻസ് ,പാചകം ഇവയൊന്നും ശില്പ ഷെട്ടിയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. തന്റെ പ്രിയപ്പെട്ട ആരാധകർക്കായി വ്യത്യസ്തമായ റെസിപ്പികളുടെ വീഡിയോ ശിൽപ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബേസൻ കോക്കനട്ട് ബർഫി തയ്യാറാക്കുന്ന വിധമാണ്.

ശില്പ ഷെട്ടി തന്നെയാണ് പാചകം ചെയ്യുന്നതിന്റെ വീ‍ഡിയോ പകർത്തുന്നതും. പാചകം ചെയ്യലും അതു പകർത്തലും ഒരേസമയം ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നും ശിൽപ വീഡിയോക്ക് ഇടയിൽ പറയുന്നുണ്ട്.

ബേസൻ കോക്കനട്ട് ബർഫി തയ്യാറാക്കുന്ന വിധം;
സ്റ്റൗവിൽ പാൻ വച്ച് ഒന്നര കപ്പ് കടലമാവ് ഇടുക. ഇതിലേക്ക് മുക്കാൽകപ്പ് നെയ്യൊഴിച്ച് നന്നായി ഇളക്കി വഴറ്റിയെടുക്കുക. പൂർണമായും നെയ്യ് ഇടുന്നതിനു പകരം അര കപ്പ് എണ്ണയൊഴിച്ച്, രണ്ടു ടേബിൾ സ്പൂൺ നെയ്യാക്കാം. ‌മറ്റൊരു പാനിൽ അര കപ്പ് തേങ്ങാ ചിരകിയത് ചെറുതായി ഒന്ന് വറുത്തെടുക്കുക. ഇതേസമയം വേറൊരു പാനിൽ ഒരു കപ്പ് ശർക്കര അര കപ്പ് വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കിയെടുക്കാം. ഇനി തേങ്ങ കടലമാവിലേക്ക് ചേർത്തുകൊടുക്കാം. നന്നായി ഇളക്കിയതിനുശേഷം ശർക്കരപ്പാനി കുറേശ്ശെയായി ചേർത്തു കൊടുക്കുക. ഒപ്പം നന്നായി ഇളക്കുകയും വേണം. ഇതിലേക്ക് ഒന്നര സ്പൂൺ ഏലം പൊടിച്ചത് ചേർക്കുക. ഇനി നാല് പിസ്താ, കാഷ്യൂനട്ട്, ആൽമണ്ട് തുടങ്ങിയവ ചേർത്തിളക്കി വാങ്ങാം. ബർഫിയുണ്ടാക്കേണ്ട പാത്രമെടുത്ത് അടിയിൽ പിടിക്കാതിരിക്കാൻ നെയ് പുരട്ടി വെക്കാം. ഇതിലേക്ക് ബർഫി മിശ്രിതം ചേർക്കാം. ശേഷം തവി വച്ച് നന്നായി അമർത്തി കൊടുക്കാം. ഒരുമണിക്കൂറോളം വച്ചതിനുശേഷം പൂർണമായും ചൂടാറിക്കഴിഞ്ഞാൽ മുറിച്ചെടുത്ത് കഴിക്കാം.