സഹകരിക്കില്ല: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

single-img
20 August 2020

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് ഇപ്പോഴുണ്ടായതന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ തീരുമാനം പരിഗണിച്ചില്ലെങ്കില്‍ കേന്ദ്രതീരുമാനത്തിനോട് സഹകരിക്കാനില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി

സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചല്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ പരിഗണിക്കുമെന്നായിരുന്നു അന്ന് വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇക്കാര്യം പ്രധാനമന്ത്രി തന്നെ ഉറപ്പ് നൽകിയതാണെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അന്‍പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സ്വത്താണ്  വിമാനത്താവളം. ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്. കോവിഡിന്റെ മറവില്‍  പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം  പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 

വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ബിജെപി കോടികളുടെ അഴിമതി നടത്തിയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ആരോപിച്ചു.  കോവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍കൊളളയാണിത്. കേരളത്തില്‍ നിന്നുളള ബിജെപി നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.