മണിച്ചിത്രത്താഴ് സീരിയലാകുമ്പോൾ

single-img
20 August 2020

ഫാസിലിന്റെ സംവിധാനത്തില്‍ മലയാളത്തിൽ വൻ വിജയമായി തീർന്ന 1993 ഡിസംബര്‍ 25 ന് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് പ്രേക്ഷകരുടെ മുന്നിലേക്ക് പുതിയൊരു രൂപത്തില്‍ എത്തുന്നു. മോഹൻലാലും ശോഭനയും സുരേഷ് ഗോപിയുമെല്ലാം അത്ഭുതം സമ്മാനിച്ച ഈ സിനിമയുടെ സീരിയലായിട്ടുള്ള രൂപം അണിയറയില്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം.

പ്രശസ്ത സീരിയല്‍ നിര്‍മാതാവ് ഭാവചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴിനെ സീരിയലാക്കുന്നതെന്നും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്. ‘എല്ലാത്തരം പ്രേക്ഷകരുടെയും ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴ്. കുറേ കാലമായി ഈ പ്രോജക്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്.

ബംഗാളിലെ കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിക്കേണ്ടതുണ്ട്’ എന്ന് ജയകുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. മധു മുട്ടം തിരക്കഥ ഒരുക്കിയ മണിച്ചിത്രത്താഴ് കോമഡികൂടി കലർന്ന രസകരമായ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിരുന്നു .

ഈ ചിത്രത്തിലെ അഭിനയം ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്തു എന്നത് മാത്രമല്ല നമ്മുടെ മലയാളത്തില്‍ നിന്നും ഏറ്റവുമധികം ഭാഷകളില്‍ റീമേക്ക് ചെയ്ത സിനിമയായിമാറുകയും ചെയ്തിരുന്നു.