ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്

single-img
20 August 2020

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍ സഖ്യം വിട്ട് എന്‍ഡിഎയില്‍ ചേരുന്നതിന് തീരുമാനിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനം കൈക്കൊണ്ടതായും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തങ്ങള്‍ എന്‍ഡിഎയില്‍ ചേരുമെന്നും പാര്‍ട്ടിയുടെ വക്താവ് ഡാനിഷ് റിസ്വാന്‍ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിന് മുന്‍പ് മാഞ്ചിയുടെ പാര്‍ട്ടി ജെഡിയുവില്‍ ലയിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നതാണ്. പക്ഷെ ഇപ്പോള്‍, ജെഡിയുവില്‍ ലയിക്കാതെ മുന്നണി മാറാനാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം എടുത്തത്. രാഷ്ട്രീയം എന്നത് സാധ്യതകളാണെന്ന് പാര്‍ട്ടിയുടെ വക്താവ് ഡാനിഷ് റിസ്വാന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഒരുകാലത്ത് നിതീഷ് കുമാറിന്റെ കടുത്ത വിമര്‍ശകനായിരുന്നു ഇതേ ജിതന്‍ റാം മാഞ്ചി. പക്ഷെ ഈസമീപകാലത്ത് സര്‍ക്കാര്‍ നിലപാടുകളെ പ്രശംസിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായാണ് ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി സംസ്ഥാനത്ത് മത്സരിച്ചത്.

അതിന് ശേഷം മഹാസഖ്യത്തില്‍ ജൂണ്‍ 25നുള്ളില്‍ അടുത്ത കോ ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.