നോട്ട് നിരോധനം പരാജയപ്പെട്ടാല്‍ തന്നെ തെരുവില്‍ തൂക്കിലേറ്റാം; മോദി ആവശ്യപ്പെട്ട 50 ദിവസം ഇപ്പോള്‍ 46 മാസങ്ങളായി: യെച്ചൂരി

single-img
18 August 2020

രാജ്യത്ത് 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വിമർശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത്
നോട്ട് നിരോധനം പരാജയപ്പെട്ടാല്‍ തന്നെ തെരുവില്‍ തൂക്കിലേറ്റാൻ 50 ദിവസമാണ് മോദി ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ അത് ഇപ്പോള്‍ 46 മാസങ്ങള്‍ കഴിഞ്ഞെന്നും യെച്ചൂരി പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ സമയം കണ്ടെത്തുന്നതെന്ന് പറഞ്ഞ യെച്ചൂരി പ്രതിസന്ധികളെ നേരിടുന്നതിന് പകരം പിആര്‍ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആരോപിച്ചു.
.
കൊവിഡ് വൈറസ് വ്യാപനത്തിന്റെ മുന്‍പ് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലച്ചുപോയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബര്‍ 8 എന്നത് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണെന്നാണ് നോട്ട് നിരോധനത്തിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞത്. ഈ തീരുമാനം ശരിയെന്ന് തെളിയിക്കാൻ തനിക്ക് 50 ദിവസങ്ങള്‍ തരണമെന്നും തീരുമാനം തെറ്റാണെങ്കില്‍ ജീവനോടെ കത്തിച്ചോളുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി അന്ന് പറയുകയുമുണ്ടായി.