ബഹ്റിനിൽ വിൽപനയ്ക്കുവച്ച ഗണപതി വിഗ്രഹങ്ങൾ ബു‌ർഖ ധരിച്ചെത്തിയ സ്ത്രീ എറിഞ്ഞുടച്ചു: കേസെടുത്ത് ബഹ്റിൻ പൊലീസ്

single-img
17 August 2020

ബഹ്റിൻ സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്കുവച്ച ഗണപതി വിഗ്രഹങ്ങൾ ബു‌ർഖ ധരിച്ചെത്തിയ സ്ത്രീ എറിഞ്ഞുടച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനോട് ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു ഷെല്‍ഫില്‍ വച്ചിരുന്ന വിഗ്രഹങ്ങള്‍ യുവതി നിലത്ത് എറിഞ്ഞുടച്ചത്. 

ഈ ദൃശ്യങ്ങള്‍ ആരോ ചിത്രീകരിക്കുകയും പിന്നീട് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയും ചെയ്യുകയായിരുന്നു. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് നിരവധി ഗണപതി വിഗ്രഹങ്ങള്‍ കടയിലുണ്ടായിരുന്നു. ഈ വിഗ്രഹങ്ങളാണ് സ്ത്രീ നശിപ്പിച്ചത്. 

ബഹ്‌റിൻ ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയിൽ പറഞ്ഞുകൊണ്ട് വിഗ്രഹങ്ങള്‍ എറിഞ്ഞുടക്കുകയായിരുന്നു. “ഈ പ്രതിമകളെ ആരാണ് ആരാധിക്കുന്നതെന്ന് നമുക്ക് നോക്കാം. പൊലീസിനെ വിളിക്കൂ”. മറ്റൊരു സ്ത്രീ പറയുന്നതും വീഡിയോയിലുണ്ട്. 

വിൽപ്പനയ്ക്കുവച്ച ഗണപതി വിഗ്രഹത്തിനിടുത്ത് ബു‌ർഖ ധരിച്ച സ്ത്രീകൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. ഒരാൾ വിഗ്രഹങ്ങൾ എറിഞ്ഞുടയ്ക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ മറ്റൊരു സ്ത്രീ വീഡിയോയിൽ പകർത്തുന്നുമുണ്ട്. കടയിലെ ജീവനക്കാരനോട് സ്ത്രീ ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ ബഹ്റിൻ പൊലീസ് നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. . 54 വയസുള്ള ഒരു വനിതയാണ് ജുഫൈറിലെ ഒരു കടയിലെ ഗണപതി വിഗ്രഹങ്ങള്‍ എടുത്തെറിഞ്ഞ് നശിപ്പിച്ചതെന്നും യുവതികള്‍ മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുകയായിരുന്നുവെന്നും ബഹ്റിൻ പൊലീസ് പറഞ്ഞു. മതവിശ്വാസത്തെ അപമാനിച്ച വനിതക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതായി ബഹ്‌റിന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരു മതത്തിന്‍റെയും ചിഹ്നങ്ങൾ നശിപ്പിക്കുന്നത് ബഹ്‌റിൻ ജനതയുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല. ഇത് അംഗീകരിക്കാനാകാത്തതും, വിദ്വേഷം വളർത്തുന്നതുമായ കുറ്റമാണെന്നും ഭരണാധികാരിയുടെ ഉപദേഷ്ടാവ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.