അമേരിക്കയുടെ തന്ത്രം, ‘ചൈന’ ഔട്ട് ‘തയ്‌വാൻ’ ഇൻ

single-img
17 August 2020

ചൈനയുടെയും തയ്‌വാന്റെയും ഇടയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത്. ചൈനീസ് ഭരണകൂടത്തെ പിന്തള്ളി തയ്‌വാനോട് പക്ഷം ചേർന്ന് സഞ്ചരിക്കാനാണ് ട്രംപിന്റെ ഉദ്ദേശമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. അമേരിക്കയുടെ പിന്തുണ നേരിട്ടറിയിക്കാനാണു യുഎസ് ആരോഗ്യ സെക്രട്ടറി അലക്സ് അസർ കഴിഞ്ഞദിവസങ്ങളിൽ തയ്‌വാൻ സന്ദർശിച്ചത്.

1949ൽ രക്തരൂഷിത ആഭ്യന്തരയുദ്ധം അവസാനിച്ച് തയ്‍‌വാൻ ചൈനയിൽനിന്ന് പിരിഞ്ഞശേഷം അവരുമായി അടുത്ത ബന്ധമാണു യുഎസ് പുലർത്തുന്നത്. എന്നാൽ ബെയ്ജിങ്ങിനെ പിണക്കാതിരിക്കുന്നതിന്റെ ഭാഗമായി വലിയ സൗഹൃദ പ്രകടനങ്ങൾ ഒഴിവാക്കിയിരുന്നു. കുറച്ചുനാളുകളായി സാമ്പത്തിക മേഖലകളിലുൾപ്പെടെ ചൈനയുമായി ഇടഞ്ഞുനിൽപ്പാണു യുഎസ്. തയ്‍വാനിലൂടെയും ചൈനയ്ക്കെതിരായ നീക്കമാണു യുഎസ് ഉന്നമിടുന്നത്. 1979ന് ശേഷം തയ്‌വാൻ സന്ദർശിച്ച ഏറ്റവുമുയർന്ന ഉദ്യോഗസ്ഥനായ അസറിലൂടെ ദ്വീപുരാജ്യത്തെ അടുപ്പിക്കാനാണു ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.

തയ്‌വാനുമായുള്ള ബന്ധം മറ്റാരുമായുള്ള ബന്ധത്തേക്കാൾ വ്യത്യസ്തമാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. തയ്‌വാന് എല്ലായ്പ്പോഴും ചൈനീസ് ഭീഷണിയുണ്ട്. തയ്‌വാനും യുഎസും തമ്മിലുള്ള ബന്ധം നല്ലതാണോ ചീത്തയാണോ എന്നതു പ്രശ്നമല്ല, അത് എല്ലായ്പ്പോഴും ഉണ്ട്.’ എന്നാണ് തയ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വുന്റെ വെളിപ്പെടുത്തൽ . യുഎസ് തയ്‌വാനുമായി കൂടുതൽ അടുക്കുന്നതും വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും അമേരിക്ക – ചൈന ബന്ധത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നു സെറ്റൺ ഹാൾ യൂണിവേഴ്‌സിറ്റിയിൽ ചൈനീസ് നിയമ വിദഗ്ധനായ മാഗി ലൂയിസ് പറയുന്നത് .

അതേസമയം തയ്‌വാനെ മെയിൻലാൻഡിന്റെ ഭാഗമായാണു ചൈന കാണുന്നത്. ഈ ഭാഗത്തെ കൂട്ടിച്ചേർക്കുന്നതു ബഹുമതിയായും ഭരണകൂടം വിലയിരുത്തുന്നു. തന്റെ ഭരണത്തിന്റെ തുടക്കത്തിൽ, ചൈനയുടെ പരമോന്നത നേതാവായിരുന്ന ഡെങ് സിയാവോപിങ് ഈ പുനഃസംഘടനാ വിഷയം രാഷ്ട്രീയ പ്രസംഗങ്ങളിൽ പതിവാക്കിയിരുന്നു. ഇപ്പോൾ, ചൈനയിലെ രാഷ്ട്രീയ ബലഹീനതയും താൻ അംഗമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്കുള്ളിലെ സമ്മർദവും തിരിച്ചറിഞ്ഞു ഇതിനോടു പ്രതികരിക്കാൻ ഉറച്ചിരിക്കുകയാണ് റിപ്പബ്ലിക് ഓഫ് ചൈന എന്ന തയ്‍‌വാന്റെ പ്രസിഡന്റ് സായ് ഇങ് വെൻ.

പൂർണ സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്തില്ലെങ്കിലും ‘ഹോങ്കോങ് മോഡൽ’ ദുർബലമായ പശ്ചാത്തലത്തിൽ, ഭാവിയിൽ എപ്പോൾ വേണമെങ്കിലും ഒരുമിക്കുകയെന്ന സാധ്യത ഇല്ലാതായെന്നു സായ് സൂചന നൽകി. കഴിഞ്ഞ മാസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ, ചൈനയോട് ആർക്കാണു കാർക്കശ്യം കൂടുതലെന്ന ചോദ്യത്തിലാണു പ്രമുഖ നേതാക്കൾ തയ്‍വാനിൽ ഏറ്റുമുട്ടിയത്. ഈ വാഗ്വാദങ്ങളും ചൈനയുമാള്ള ബന്ധം വീണ്ടും വഷളാക്കി.

എന്തായാലും തയ്‌വാനെ കൂട്ടിച്ചേർക്കാനുള്ള ചൈനയുടെ ഉദ്യമങ്ങൾ ഉച്ചസ്ഥായിയിലാണെന്നാണു പൊതുവെയുള്ള നിഗമനം.ചൈനയുടെ ശക്തി ചോരുന്നതായാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് . കോവിഡ് എന്ന മഹാമാരി വിതച്ച രോഗഭീതിയിൽനിന്നു പുറത്തുകടക്കാനോ പൂർണതോതിൽ പഴയ പ്രതാപത്തിലേക്കു പോകാനോ ചൈനീസ് ഭരണകൂടത്തിനു ഇതുവരെ സാധിച്ചിട്ടില്ല. കോവിഡ് വ്യാപനം മൂടിവച്ചെന്നു ലോകം ആരോപിക്കുമ്പോൾ, അതു ശരിവച്ച്, കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാവ് ഷിയുടെയും കഴിവിനെക്കുറിച്ച് ചൈനക്കാരും സംശയാലുക്കളാണ്.