ധോണി വിരമിച്ചു; അയാൾക്ക്‌ മാത്രം സാധ്യമായ അപാരമായ മനഃസ്ഥൈര്യത്തോടെ

single-img
16 August 2020

എം സുകുമാരൻ ലാൽ

വിടവാങ്ങൽ മത്സരം സച്ചിന് വേണ്ടി മാത്രമേ ഉണ്ടായിട്ടുള്ളൂ. സച്ചിന് സമം സച്ചിൻ മാത്രം. സച്ചിന് ശേഷം ഒരു വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നുവെങ്കിൽ അത് മഹേന്ദ്രസിംഗ് ധോണിയ്ക്കും സൗരവ് ഗാംഗുലിക്കും മാത്രമായിരുന്നു. പക്ഷെ അവർ രണ്ടുപേരും അത് ആഗ്രഹിച്ചില്ല. കളിയുടെ അവസാനനാളുകളിൽ തങ്ങളുടെ താളവും ചലനങ്ങളും പുതുതലമുറയോട് നീതിപുലർത്തുന്നില്ലെന്നവർക്കറിയാമായിരുന്നു. അതെ. ധോണി വിരമിച്ചു. ഒരു പരാതിയും പരിഭവവും ഇല്ലാതെ. വിരമിക്കൽ മത്സരമെന്ന വിലാപക്കണ്ണീരൊഴുക്കാതെ…. അയാൾക്ക്‌ മാത്രം സാധ്യമായ അപാരമായ മനഃസ്ഥൈര്യത്തോടെ… !

ലെജൻഡുകൾ വെറുതെ സംഭവിക്കുന്നതല്ല. ക്രിക്കറ്റ്‌ മൈതാനത്തു ബൗണ്ടറിയിലേക്കു പായുന്ന പന്തുകളെ കൈകൊണ്ടു അപ്പുറം നിൽക്കുന്ന കളിക്കാരന് ചൂണ്ടികാണിച്ചുകൊടുത്തും ഓടിവരും വഴി ബൗണ്ടറി ലൈനിൽ ക്രിക്കറ്റ്‌ ബോൾ കൊണ്ടൊരു ഫുട്ബാൾ കിക്കിനാൽ വൃഥാ തടയാൻ ശ്രമിച്ചും തോറ്റുകൊണ്ടേയിരുന്ന വ്യക്തിഗത റെക്കോർഡുകൾ മാത്രം ഉണ്ടായിരുന്ന ഒരു ടീമിനെ പോരാട്ടത്തിനും അതേ നാണയത്തിൽ തിരിച്ചടിക്കാനും കഴിയുന്ന വിജയ തൃഷ്ണയുള്ള സംഘമാക്കിയെടുത്തത് ഗാംഗുലിയെന്ന ദാദ ആയിരുന്നെങ്കിൽ ഏതൊരു പ്രതിസന്ധിയിലും തോൽക്കാൻ മനസ്സില്ലാത്ത ചെറുപ്പക്കാരുടെ കൊലയാളി സംഘമായി അവരെ പരുവപ്പെടുത്തിയത് സാക്ഷാൽ മഹേന്ദ്രസിംഗ് ധോണിയായിരുന്നു.

ക്രിക്കറ്റിൽ സെന്റിമെന്റ്സ് ഇല്ലെന്നു മഹി പ്രഖ്യാപിച്ചു. വിരമിക്കൽ അവിചാരിതമായി പ്രഖ്യാപിക്കുമ്പോളും അയാൾ മിസ്റ്റർ കൂൾ തന്നെയായിരുന്നു. ഏത് വിജയത്തിലും അയാൾ അഹങ്കരിച്ചില്ല. അതുകൊണ്ടാകാം മൂന്നു ലോകകിരീടങ്ങളും അയാളെ തേടി വന്നത്.

ഓർമകളിൽ 2008 ലെ നാഗ്പൂർ ടെസ്റ്റുണ്ട്. ഓസ്‌ട്രേലിയക്കെതിരെ തന്റെ അവസാന ടെസ്റ്റ്‌ കളിക്കുന്ന മഹാനായ ഗാംഗുലിയ്ക്കു അവസാന മണിക്കൂറുകളിൽ ക്യാപ്റ്റൻ ക്യാപ് സ്നേഹാദരം കൈമാറി ഓസ്‌ട്രേലിയയെ തോൽപിച്ചു പരമ്പര നേടിയ നിമിഷം ഗാംഗുലിയ്ക്കുള്ള ഉചിതമായ ഉപഹാരമാക്കി മാറ്റിയ പ്രിയപ്പെട്ട എം എസ് ഡി.

നീണ്ട ഇരുപത്തിരണ്ടു വർഷത്തെ കാത്തിരിപ്പിനും ശേഷം സച്ചിന്റെ കണ്ണിൽ ആനന്ദാശ്രുക്കൾ ഒഴുകിപടർന്ന 2011 ലെ ലോകകിരീടം സച്ചിന്റെ കൈയിലേൽപ്പിച്ചു ഊരിയെടുത്ത ഒറ്റ സ്റ്റമ്പുമായി ഏതു മത്സര വിജയത്തെയും പോലെ നടന്നു നീങ്ങുന്ന പ്രിയപ്പെട്ട മഹി.

എന്നും വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിൽ അയാൾ രാജാവായിരുന്നു. എന്നിട്ടും കഴിഞ്ഞ ലോകകപ്പ്‌ സെമിയിൽ ലോകോത്തര ഫീൽഡറായ ഗുപ്റ്റിൽ എറിഞ്ഞ പന്തിൽ റൺ ഔട്ട്‌ ആകുമ്പോൾ അയാൾ ഒരു പക്ഷെ വിരമിക്കൽ ചിന്തിച്ചിരിക്കണം.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച താരങ്ങൾക്കിടയിൽ സാധാരണ പ്ലംബറുടെ മകനായി ജനിച്ച് പ്രതിസന്ധികളിൽ പതറാതെ ഇന്ത്യയെ കപിലിനും ശേഷം ലോകകിരീടം സ്വപ്നം കാണാമെന്നും ഒരുകാലത്തെ വിൻഡീസിന്റെയും പിന്നെ ഓസീസിന്റെയും സുവർണകാലം ഇന്ത്യയ്ക്കും ആകാമെന്നും മുന്നിൽ നിന്നും നയിച്ചു തെളിയിച്ച അതുല്യ പ്രതിഭയ്ക്ക് ഹൃദയം കൊണ്ട് ചുംബനപൂക്കൾ കൊരുക്കുന്നു.