ആ സല്യൂട്ട് നല്ല ഉദ്ദേശത്തോടെ; കരിപ്പൂരിലെ രക്ഷാപ്രവർത്തകര്‍ക്ക് സല്യൂട്ട് നൽകിയ പോലീസുകാരനെതിരെ നടപടിയില്ല
കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടന്ന വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നൽകി ആദരിച്ച പോലീസുകാരനെതിരേ വകുപ്പുതല നടപടി ഉണ്ടാവില്ല. പോലീസുകാരന്റെ സല്യൂട്ട് നല്കിയ പ്രവൃത്തി നല്ല ഉദ്ദേശത്തോടെയെന്ന് സേനയിൽ വിലയിരുത്തൽ ഉണ്ടായതിനെ തുടർന്നാണ് അച്ചടക്ക നടപടി വേണ്ടെന്ന തീരുമാനം ഉണ്ടായത്.
രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നവരെ പോലീസുകാരന് വീട്ടിലെത്തി സല്യൂട്ട് ചെയ്തിരുന്നു. ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടക്കുന്നത്. ആദ്യം ഈ ചിത്രം വ്യാജം എന്ന് കരുതി എങ്കിലും മലപ്പുറത്തെ സിവില്‍ പോലീസ് ഓഫീസറായ ഹുസൈനാണ് രക്ഷാപ്രവര്‍ത്തകരെ ആദരിച്ചത് എന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.