മരിച്ചു പോയ ‘ഭാര്യ’ തിരികെ വന്നൊരു പാലുകാച്ചൽ ചടങ്ങ് ..!

single-img
11 August 2020

കര്‍ണാടകയിലെ വ്യവസായിയായ ശ്രീനിവാസ മൂര്‍ത്തിയുടെ വീട്ടിലെ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച വിഷയം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ അപകടത്തില്‍ മരിച്ച മൂര്‍ത്തിയുടെ ഭാര്യ മാധവി അതിഥികളെ സ്വാഗതം ചെയ്ത് ലിവിങ് റൂമില്‍ ഇരിക്കുന്നു. കുടുംബത്തോട് അത്ര അടുപ്പമുള്ളവര്‍ പോലും അമ്പരപ്പിക്കുന്നതാണ് ആ കാഴ്ച. സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യയെ കണ്ട് ഒരുനിമിഷം എല്ലാവരും അന്ധാളിച്ചു.

മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്നു വരെ സംശയിച്ചു. എന്നാൽ ചിരിച്ചുകൊണ്ടിരിക്കുന്ന ‘വ്യക്തി’ ഇരുന്നിടത്തുനിന്ന് അനങ്ങുന്നില്ലെന്ന് തിരച്ചറിഞ്ഞതോടെ തിരിച്ചുവരവിന്റെ രഹസ്യം തെളിഞ്ഞു. ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമയാണ് അതിഥികളെ വരവേറ്റത്. മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണു ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാധവി അപകടത്തിൽ മരിക്കുന്നത്. കോളാറില്‍ വച്ച് അമിത വേഗത്തിലെത്തിയ ട്രെക്കിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മാധവി മരിച്ചു. എന്നാല്‍ രണ്ട് മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മാധവിയുടെ മരണം കുടുംബത്തെ തകർത്തു.

പുതിയൊരു വീടെന്നുള്ളത് മാധവിയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂർത്തി വീട് പണിതത്. എന്നാൽ അത്രമാത്രം പോര ഭാര്യയെ എന്നും ഓർക്കാൻ എന്തെങ്കിലും പ്രത്യേകത വീട്ടിൽ വേണമെന്ന് തോന്നി. ആ ആഗ്രഹമാണ് ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ നിർമിക്കാൻ കാരണമായത്. ഭാര്യയുടെ സ്വപ്നമായിരുന്ന വീട്ടില്‍ അവരുടെ സാന്നിധ്യമില്ലാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയ മൂര്‍ത്തി സിലിക്കോണ്‍ വാക്സിലാണ് മാധവിയുടെ ശില്‍പമുണ്ടാക്കിയത്. പ്രതിമയാണെന്ന് ആര്‍ക്കും തോന്നുക പോലും ചെയ്യാത്ത അത്ര കൃത്യതയോടെയാണ് മാധവിയുടെ ശില്‍പം നിര്‍മ്മിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂർണ്ണതയാണ് പ്രതിമയ്ക്കുള്ളത്.

ഭാര്യയെ എന്നെന്നും ഓർക്കാൻ ഇതിലും മികച്ച ഒന്നില്ലെന്നാണ് അതിഥികളുടെ അഭിപ്രായം. 25ഓളം ആര്‍ക്കിട്ടെക്ടുമാരെ സമീപിച്ച ശേഷമാണ് സ്വപ്ന ഭവനത്തിലേക്ക് വഴി തുറന്നതെന്നാണ് ശ്രീനിവാസ മൂര്‍ത്തി പറയുന്നത്. കര്‍ണാടകയിലെ പ്രമുഖ പാവ നിര്‍മ്മാതാക്കളായ ഗോബേ മാനയാണ് മാധവിയുടെ ജീവസുറ്റ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ ആദ്യമാണ് വീടി പണി പൂര്‍ത്തിയായത്. ഭാര്യയുടെ സ്വപ്ന ഭവനത്തില്‍ അവരുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന മൂര്‍ത്തി ഒടുവിൽ ആ ആഗ്രഹം സഫലീകരിച്ചു .ഓഗസ്റ്റ് 8 ന് നടന്ന ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കര്‍ണാടകയിലെ കൊപ്പലിലെ ഈ വീടും മാധവിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ് .