കൊവിഡ് ബാധിച്ച് മരിച്ച പിതാവിനെ കാണാന്‍ മകനോട് ആശുപത്രി അധികൃതര്‍ ചോദിച്ചത് 51,000 രൂപ

single-img
10 August 2020

കൊവിഡ് വൈറസ് ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളിൽ നിന്ന് ആശുപത്രി അധികൃതര്‍ കൈക്കൂലി വാങ്ങി എന്ന് ആരോപണം. പശ്ചിമ ബംഗാളിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ ബന്ധുക്കളാണ് ആരോപണവുമായി എത്തിയിരിക്കുന്നത്, മാത്രമല്ല, ചികിത്സയിലായിരുന്ന ഹരി ഗുപ്തയുടെ മരണവിവരം പോലും ആശുപത്രി തങ്ങളെ അറിയിച്ചില്ല എന്ന് മകൻ സാഗര്‍ ഗുപ്ത പറയുന്നു. തലേദിവസം രാത്രി ഒരു മണിയ്ക്ക് രോഗി മരിച്ചതായി ഞായറാഴ്ച ഉച്ച കഴിഞ്ഞാണ അറിയിച്ചതെന്നാണ് കുടുംബം പറയുന്നത്.

ഹരി ഗുപ്തയുടെ മരണവിവരം എന്തുകൊണ്ടാണ് തങ്ങളെ അറിയിക്കാതിരുന്നതെന്നു ചോദിച്ചപ്പോള്‍ കുടുംബത്തെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ കൈയ്യിലുണ്ടായിരുന്നില്ല എന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടി. ഇതിനെ തുടര്‍ന്ന് ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിയപ്പോള്‍ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയി എന്ന് അറിയുകയായിരുന്നു.

ഇതറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങള്‍ നേരെ ശിബ്പൂര്‍ ശ്മശാനത്തിലെത്തുകയായിരുന്നു. അവിടെ എത്തിയെങ്കിലും മൃതദേഹം അവസാനമായി കാണാനായി തങ്ങള്‍ക്ക് 51,000 രൂപ നല്‍കേണ്ടി വന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഈ നടപടിയെ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ തുക 31,000 രൂപയാക്കി കുറക്കുകയും ചെയ്തു. പക്ഷെ ഈ തുക ഇവരുടെ കൈവശമുണ്ടായിരുന്നില്ലെന്ന് സാഗര്‍ ഗുപ്ത പറയുന്നു.
ഇതിനെ തുടര്‍ന്ന് കുടുംബം പോലീസിൽ പരാതി നല്‍കി. അതിന് ശേഷം തങ്ങള്‍ കൂട്ടിക്കൊണ്ടു വന്ന പോലീസ് ഉദ്യോഗസ്ഥരുടെ അപേക്ഷ പോലും പല വട്ടവും ശ്മശാന അധികൃതര്‍ തള്ളികളയുകയായിരുന്നു.

സ്ഥാപനത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടു സംസാരിക്കാനായിരുന്നു സംസ്കാരത്തിൻ്റെ ചുമതലയുണ്ടായിരുന്ന ആശുപത്രി ജീവനക്കാര്‍ തങ്ങളോടു പറഞ്ഞതെന്നും കുടുംബം പറയുന്നു. ശ്മശാനത്തില്‍ ഈ സംഭവങ്ങള്‍ ഫോണിൽ പകര്‍ത്താൻ ശ്രമിച്ചെങ്കിലും അധിക‍ൃതര്‍ ഫോൺ തട്ടിപ്പറിച്ചതായും ആരോപണമുണ്ട്. അവസാനം ബന്ധുക്കളെ കാണിക്കാതെ തന്നെ സംസ്കാരം നനടത്തി എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.