കോവിഡിൻ്റെ പശ്ചാത്തലത്തിൽ സൂര്യനെല്ലി കേസിലെ കുറ്റവാളികളുടെ പരോള്‍ കാലാവധി നീട്ടി സുപ്രീംകോടതി: പരോൾ കാലാവധിയും ശിക്ഷയായി കണക്കാക്കും

single-img
10 August 2020

സൂര്യനെല്ലി കേസിലെ കുറ്റവാളികളുടെ പരോള്‍ കാലാവധി നീട്ടി സുപ്രീംകോടതി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും, അജയ് രസ്‌തോഗിയും അടങ്ങിയ ബെഞ്ച് പരോള്‍ കാലാവധി നീട്ടിയത്. 

നിലവില്‍ ജാമ്യത്തിലോ, പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് നീട്ടിയത്. ഹൈക്കോടതി വിധിച്ച ശിക്ഷയ്ക്ക് എതിരെ 25 കുറ്റവാളികള്‍ ആണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇത്രയും പേരുടെ അപ്പീലില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കല്‍ പ്രായോഗികം അല്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ നിയന്ത്രണങ്ങള്‍ മാറിയ ശേഷം അഭിഭാഷകര്‍ നേരിട്ട് കോടതിയില്‍ എത്തുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ അപ്പീലില്‍ വാദം കേള്‍ക്കാം എന്നുമാണ് കോടതി വ്യക്തമാക്കിയത്.  അതു വരെയാണ് പരോള്‍ കാലാവധി നീട്ടിയിരിക്കുന്നത്. 

കേസിലെ മുഖ്യ കുറ്റവാളികള്‍ ആയ ധര്‍മ്മരാജന്‍, ഉഷ എന്നിവര്‍ ഇപ്പോഴും ജയിലില്‍ ആണ്. ഇവര്‍ ഒഴികെയുള്ള മിക്ക പ്രതികളും ജാമ്യത്തിലോ,പരോളിലോ ആണ്. പരോള്‍ കാലാവധി ശിക്ഷ ആയാണ് സാധാരണ കാണാക്കാക്കാറുള്ളത്. അതിനാല്‍ ഇപ്പോള്‍ ഇവര്‍ ജയിലിന് പുറത്ത് ചെലവഴിക്കുന്ന കാലാവധിയും ശിക്ഷാകാലാവധി ആയാകും പരിഗണിക്കുക. 

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയവരില്‍ 16 പേരുടെ ശിക്ഷാകാലാവധി ഇതിനോടകം പൂര്‍ത്തിയായി. അപ്പീലുമായി മുന്നോട്ടു പോകുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്ന് കുറ്റവാളികളില്‍ ചിലരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അപ്പീലുമായി മുന്നോട്ട് പോകുന്നവരുടെ പട്ടിക മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.