രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനമായി; കോൺഗ്രസിലേക്ക് തിരിച്ചെത്തി സച്ചിൻ പൈലറ്റ്

single-img
10 August 2020

ഒടുവിൽ രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താൽക്കാലിക വിരാമം. ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ന് കോൺഗ്രസിലേക്ക് തിരിച്ചെത്തി. കോൺഗ്രസിലേക്കുള്ള ഈ തിരികെ വരവിൽ പാർട്ടിയുടെ താത്പര്യം മുൻനിർത്തി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസുമായി ഭിന്നതകൾ പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റും വിമത കോൺഗ്രസ്സ് നേതാക്കളും ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കാനായി ഉന്നതതല മൂന്നംഗ സമിതിക്കും കോൺഗ്രസ് പാർട്ടി രൂപം നൽകാൻ തീരുമാനമായി.

ഇത്തരത്തിൽ ഒരു സമിതി രൂപീകരിക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് കൈക്കൊണ്ടതെന്ന് കെസി വേണുഗോപാൽ അറിയിച്ചു. രാജസ്ഥാൻ കോൺഗ്രസ് ഘടകത്തിന്റെയും സർക്കാരിന്റെയും താത്പര്യങ്ങൾക്ക് അനുസരിച്ച് അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്ന് സച്ചിൻ അറിയിച്ചതായും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

ഈ സമിതിയിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആയിരിക്കും അംഗങ്ങൾ ആകുക. സച്ചിനുമായി ബന്ധപ്പെട്ട രാജസ്ഥാൻ ഘടകത്തിലെയും സർക്കാരിലെയും രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള എല്ലാ വശവും കേട്ട ശേഷവും അതിന്റെ എല്ലാ വിശദാംശങ്ങളെയും കുറിച്ച് അറിഞ്ഞ ശേഷവുമാകും സമിതി തീരുമാനങ്ങൾ കൈക്കൊള്ളുക എന്നും കോൺഗ്രസ് അറിയിച്ചു.