ലാൻഡ് ചെയ്യുന്നതിനു മുമ്പ് വിമാനം ആകാശത്ത് പലവട്ടം കറങ്ങി: അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നു

single-img
8 August 2020

പേമാരിക്കിടയിൽ വന്നുഭവിച്ച കരിപ്പൂർ വിമാനാപകടത്തിൻ്റെ ഞെട്ടലിലാണ് കേരളം ഇന്ന്. അപകടത്തിൽ ഇതിനോടകം 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 171 പേർ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില അതീവ ​ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കനത്ത മഴയെത്തുടർന്നുണ്ടായ കാഴ്ചാ തടസ്സവും റൺവേയിലെ വെള്ളക്കെട്ടുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ടേബിൾടോപ് മാതൃകയിലുള്ള റൺവേയാണു കോഴിക്കോട്ടേത്. ഇതിന്റെ പടിഞ്ഞാറു ഭാഗത്ത് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു.  

വിമാനം അപകടത്തിൽ പെടുന്നതിനു മുമ്പുള്ള കാര്യങ്ങളെക്കുറിച്ച് യാത്രക്കാർ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ലാൻഡ് ചെയ്യുന്നതിന് മുൻപ് വിമാനം ഒന്നിലേറെ തവണ വട്ടം കറങ്ങിയെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നത്.

“വിമാനം ലാന്റ് ചെയ്തതിന് മുൻപ് ആകാശത്ത്, നിർത്താനാവാത്ത രീതിയിൽ കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിലും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് ആഞ്ഞ് ഇടിച്ചു എന്നാണ് സിദ്ധിഖ് മുഹമ്മദ് എന്ന യാത്രക്കാരൻ വ്യക്തമാക്കിയത്. 

വിമാനാപകടം വളരെ അപ്രതീക്ഷിതമായിരുന്നെന്നും മുന്നറിയിപ്പു പോലും ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ പറയുന്നു. “ലാന്റ് ചെയ്തതും മൊത്തം അങ്ങ് ക്രാഷായി. പിന്നെ ഞങ്ങൾ അതിന്റെ ഉള്ളിൽ കുടുങ്ങിപ്പോയി. കുറച്ച് സമയം അതിന്റെ ഉള്ളിലിരുന്നിരുന്നു. വിമാനം ചൂടാകുന്നതൊക്കെ അറിഞ്ഞു. പുറത്തേക്ക് എത്തിയപ്പോഴാണ് ആളുകൾ മരിച്ചതൊക്കെ അറിഞ്ഞത്.´- അപകടത്തിൽപ്പെട്ട ഫാത്തിമ എന്ന യാത്രക്കാരി പറയുന്നു. 

ഞങ്ങൾ മറ്റൊന്നും അറിഞ്ഞില്ല. ലാന്റ് ചെയ്യുന്നതിന് മുൻപ് തന്നെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടിരുന്നു. പൊതുവേ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുള്ള ശബ്ദമായിരുന്നില്ല. ലാന്റ് ചെയ്തപ്പോൾ സമാധാനമായി. എന്നാൽ ലാന്റ് ചെയ്തപ്പോഴുള്ള വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനായില്ല. അങ്ങിനേ പോയി അത് ക്രാഷായി. അത്രയേ അറിയൂ. ഏറ്റവും മുന്നിലായിരുന്നു ഞാനും മോളും ഉമ്മയുമൊക്കെ- ഫാത്തിമ തുടരുന്നു. 

നാട്ടുകാരും വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയുമാണ് രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടത്. നാട്ടുകാരുടെ ഉചിതമായ ഇടപെടലാണ് അപകടത്തിൽ മരണനിരക്ക് കുറച്ചതെന്നുള്ളതും യാഥാർത്ഥ്യമാണ്.